റിയാദ്: ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചിട്ടും പ്രവാസികൾക്കായുള്ള കാരുണ്യപ്രവർത്തനങ്ങളിലും നിയമസഹായങ്ങളിലും വിശ്രമമില്ലാതെ മുഴുകിയിരിക്കുകയാണ് സൗദിയിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥനും മലയാളിയുമായ യൂസഫ് കാക്കഞ്ചേരി. അദ്ദേഹത്തിെൻറ നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ, സൗദിയിൽ വെച്ച് മരിച്ച മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് ഒൻപത് ലക്ഷം ഇന്ത്യൻ രൂപ ഇൻഷുറൻസ് പരിഹാരത്തുകയായി ലഭിച്ചു.
ദമ്മാമിൽ 2012-ൽ ജോലിയിലിരിക്കെ അപകടത്തിൽ മരിച്ച മലപ്പുറം ചേലേമ്പ്ര സ്വദേശിയുടെ അനന്തരാവകാശികൾക്കാണ് ഈ തുക കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തിയത്. ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിച്ച് യൂസഫ് കാക്കഞ്ചേരി നാട്ടിലെത്തിയ ശേഷമാണ് ദമ്മാമിലുള്ള ഒരു നാട്ടുകാരൻ ഈ വിഷയം അദ്ദേഹത്തിെൻറ ശ്രദ്ധയിൽപെടുത്തുന്നത്. തുടർന്ന് അദ്ദേഹം കേസ് ഏറ്റെടുക്കുകയും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം വാങ്ങിനൽകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയുമായിരുന്നു.
ഈ നിയമപോരാട്ടത്തിൽ സാമൂഹികപ്രവർത്തകനായ സിദ്ദീഖ് തുവ്വൂരിെൻറ പങ്കും നിർണായകമായിരുന്നു. സൗദിയിലെ സോഷ്യൽ ഇൻഷുറൻസ് ഓഫിസുകളുമായി നിരന്തരം ബന്ധപ്പെടുകയും ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെട്ട രേഖകൾ കൃത്യമായി സമർപ്പിക്കുകയും ചെയ്തത് സിദ്ദീഖ് ആണ്. താൻ നാട്ടിലായിരിക്കുമ്പോഴും റിയാദിലെ വിവിധ സർക്കാർ ഓഫിസുകളിൽ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വേഗത്തിലാക്കാൻ സിദ്ദീഖ് തുവ്വൂർ വഹിച്ച പങ്ക് ഇത്തരം കേസുകൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നുണ്ടെന്ന് യൂസഫ് കാക്കഞ്ചേരി കൃതജ്ഞതയോടെ ഓർത്തു.
പ്രവാസലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ദീർഘകാലം എംബസിയുടെ ഔദ്യോഗിക പ്രതിനിധിയായി പ്രവർത്തിച്ച പരിചയസമ്പത്തുള്ള വ്യക്തിയാണ് യൂസഫ് കാക്കഞ്ചേരി. ഈ മേഖലയിലെ തന്റെ അനുഭവസമ്പത്തും സൗദി നിയമങ്ങളിലുള്ള ആഴത്തിലുള്ള അറിവും പ്രവാസികളെ സഹായിക്കാൻ തുടർന്നും ഉപയോഗപ്പെടുത്തുമെന്നും, നാട്ടിലിരുന്നുകൊണ്ട് തന്നെ സാധ്യമാകുന്ന രീതിയിൽ പ്രവാസി സഹോദരങ്ങൾക്കായുള്ള സേവനം തുടരുമെന്നും യൂസഫ് കാക്കഞ്ചേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.