സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂനിയനും യു.എൻ രക്ഷാസമിതിയും

റിയാദ്: സൗദി അറേബ്യക്കും യമനിലെ വിവിധ പ്രദേശങ്ങൾക്കും നേരെ ഹൂതി മിലിഷ്യ നടത്തുന്ന ആക്രമണങ്ങളെ യൂറോപ്യൻ യൂനിയൻ ശക്തമായി അപലപിച്ചു. സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള കടന്നാക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണെന്നും ഇത് ഉടനടി നിർത്തിവെക്കണമെന്നും സംഘടന വ്യക്തമാക്കി.

സൗദി അറേബ്യക്കും യമനിലെ ഔദ്യോഗിക സർക്കാരിനും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച യൂറോപ്യൻ യൂനിയൻ, അന്താരാഷ്​ട്ര നിയമങ്ങൾ കർശനമായി പാലിക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ടു. സൗദി അറേബ്യക്കും വാണിജ്യ കപ്പലുകൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്​ട്രസഭാ രക്ഷാസമിതിയും ശക്തമായ ഭാഷയിൽ അപലപിച്ചു.

ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷക്കും അന്താരാഷ്​ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് രക്ഷാസമിതി ചൂണ്ടിക്കാട്ടി. ഇവ രക്ഷാസമിതി പ്രമേയങ്ങളുടെയും അന്താരാഷ്​ട്ര സിവിൽ വ്യോമയാന നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും സമിതി മുന്നറിയിപ്പ് നൽകി.

 

യമ​െൻറ പരമാധികാരവും ഐക്യവും ഭൗമിക സമഗ്രതയും നിലനിർത്തുന്നതിൽ തങ്ങൾക്കുള്ള പ്രതിബദ്ധത രക്ഷാസമിതി അംഗങ്ങൾ ആവർത്തിച്ചു. യമനിലെ വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ വിമാന സർവിസുകളും നിയമപരമായ സർക്കാരുമായി ഏകോപിപ്പിച്ച് മാത്രമേ നടത്താവൂ എന്നും, ജീവകാരുണ്യ-സിവിലിയൻ ആവശ്യങ്ങൾക്കായി സുരക്ഷിതമായ വ്യോമപാത ഉറപ്പാക്കണമെന്നും സമിതി എടുത്തുപറഞ്ഞു.

മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച രക്ഷാസമിതി, സൻആ, ഹുദൈദ വിമാനത്താവളങ്ങളിൽ അനുമതിയില്ലാതെ വിമാനങ്ങൾ ഇറക്കുന്നതിനെയും സൗദിക്കും വാണിജ്യ കപ്പലുകൾക്കും നേരെ നടക്കുന്ന മിസൈൽ ആക്രമണങ്ങളെയും അപലപിച്ചു. ഹൂതികൾക്ക് ആയുധങ്ങളും സൈനിക സഹായവും നൽകുന്നത് നിരോധിക്കുന്ന പ്രമേയം പൂർണമായും പാലിക്കപ്പെടണമെന്ന് സമിതി ആഹ്വാനം ചെയ്തു.

യമനിലും മേഖലയിലൊട്ടാകെയും ശാശ്വത സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി, യമനികളുടെ തന്നെ നേതൃത്വത്തിൽ സമഗ്രമായ രാഷ്​ട്രീയ പരിഹാരത്തിലെത്താൻ യു.എൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബർഗ് നടത്തുന്ന ശ്രമങ്ങൾക്ക് രക്ഷാസമിതി അംഗങ്ങൾ പൂർണ പിന്തുണ അറിയിച്ചു.

Tags:    
News Summary - സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂനിയനും യു.എൻ രക്ഷാസമിതിയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.