മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ് ആലുശൈഖ്

സൗദിക്ക് പുറത്തുള്ള വിവാദങ്ങളിൽ ഇടപെടരുത്: സൗദി മതകാര്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്ന വിശ്വാസപരവും ആശയപരവും കർമശാസ്ത്രപരവുമായ ഭിന്നതകളിലും വിവാദ ചർച്ചകളിലും പ്രബോധകർ യാതൊരു കാരണവശാലും ഇടപെടരുതെന്ന് മതകാര്യ മന്ത്രാലയത്തി​െൻറ കർശന നിർദ്ദേശം. സൗദിയിലെ വിവിധ മേഖലകളിലുള്ള മന്ത്രാലയ ശാഖകൾക്ക് അയച്ച സർക്കുലറിലാണ് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ് ആലുശൈഖ് ഇക്കാര്യം വ്യക്തമാക്കിയത്.

‘തയ്സീർ’ സിസ്​റ്റം വഴി അംഗീകാരം നേടിയ ഔദ്യോഗികവും അനൗദ്യോഗികവുമായ മുഴുവൻ പ്രബോധകർക്കും ഈ നിർദ്ദേശം ബാധകമാണ്. പ്രബോധന രംഗത്തെ പ്രഭാഷണങ്ങൾ കൂടുതൽ നിയന്ത്രിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുക, സൗദിയിലെ പണ്ഡിതന്മാരുടെ പദവി സംരക്ഷിക്കുക, മിതവാദ സമീപനം ഊട്ടിയുറപ്പിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

സൗദിക്ക് പുറത്തുള്ള വിഷയങ്ങളിൽ ചില പ്രബോധകർ ഇടപെടുന്നത് മന്ത്രാലയത്തി​െൻറ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്തിനും ഇവിടുത്തെ പണ്ഡിതന്മാർക്കും പ്രയാസങ്ങൾ സൃഷ്​ടിക്കാനും, സമൂഹത്തിൽ വിഭാഗീയതയും കുഴപ്പങ്ങളും ഉണ്ടാക്കാനും ഇടയാക്കുമെന്ന് സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം കാര്യങ്ങളിൽ ഇടപെടുകയോ വിവാദങ്ങളിൽ പങ്കാളികളാവുകയോ ചെയ്യരുതെന്നും, ഭിന്നതകൾ ആളിക്കത്തിക്കുന്ന വിഷയങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തർക്കങ്ങളിൽനിന്നും അധിക്ഷേപങ്ങളിൽനിന്നും പണ്ഡിതന്മാരെ സംരക്ഷിക്കാനും മിതവാദ പ്രബോധന ശൈലി ഉറപ്പുവരുത്താനും മന്ത്രാലയം അതീവ താത്പര്യം പുലർത്തുന്നുണ്ട്.

അതിരുവിടലുകളും തീവ്രവാദവും അക്രമവും ഒഴിവാക്കി മിതവാദ സമീപനം മുറുകെപ്പിടിക്കണമെന്ന് പ്രബോധകരോട് ആഹ്വാനം ചെയ്ത മന്ത്രി, പ്രബോധനം കാരുണ്യത്തിലും യുക്തിയിലും മിതത്വത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും കുഴപ്പങ്ങളെ നേരിടാൻ പ്രവാചക ചര്യകൾ ഓർമിക്കണമെന്നും ഉണർത്തി.

സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന പ്രബോധകരെ ‘തയ്സീർ’ സിസ്​റ്റത്തിൽനിന്ന് നീക്കം ചെയ്യുകയും എല്ലാവിധ പ്രബോധന പ്രവർത്തനങ്ങളിൽനിന്നും വിലക്കുകയും ചെയ്യും. കൂടാതെ, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.

രാജ്യത്തെ പ്രബോധന രംഗത്ത് കൂടുതൽ അനുസരണയും ചിട്ടയും ഉറപ്പുവരുത്തുന്നതിനും, ശരീഅത്തി​െൻറ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യങ്ങളിൽ പ്രബോധകരെ ശരിയായി നയിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. രാജ്യത്തി​െൻറയും പണ്ഡിതന്മാരുടെയും സൽപ്പേരിന് കളങ്കം വരുത്തുന്ന വിഷയങ്ങളിൽനിന്ന് പ്രബോധകരെ അകറ്റി നിർത്താനാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. 

Tags:    
News Summary - സൗദിക്ക് പുറത്തുള്ള വിവാദങ്ങളിൽ ഇടപെടരുതെന്ന് സൗദി മതകാര്യ മന്ത്രാലയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.