നജ്റാനിലെ ഗ്രീൻ ഹൗസ് കൃഷിയുടെ കാഴ്ചകൾ
നജ്റാൻ: അത്യാധുനിക കൃഷിരീതിയായ ‘ഗ്രീൻഹൗസ്’ (ഹരിതഗൃഹ കൃഷി/സംരക്ഷിത കൃഷി) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സൗദി തെക്കൻ മേഖലയിലെ നജ്റാനിൽ വൻ കാർഷിക മുന്നേറ്റം. പ്രദേശത്തെ കാലാവസ്ഥയും പ്രകൃതിവിഭവങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഈ കൃഷിരീതി, കാർഷിക ഉൽപ്പാദനം കൂട്ടാനും നാടിന് ആവശ്യമായ ഭക്ഷണം സ്വന്തമായി ഉൽപ്പാദിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും വലിയ സഹായമാകുന്നു.
പ്രകൃതിവിഭവങ്ങൾ പാഴാക്കാതെ സംരക്ഷിക്കുന്നതിൽ ഏറ്റവും മികച്ച മാതൃകയാണ് ഗ്രീൻഹൗസ് കൃഷി. ചെടികൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളും വർഷത്തിൽ എപ്പോഴും ഉൽപ്പാദിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു. നിലവിൽ 4,400-ലധികം ഗ്രീൻഹൗസുകളാണ് നജ്റാനിൽ പ്രവർത്തിക്കുന്നത്.
പ്രധാനമായും തക്കാളി, വെള്ളരി എന്നിവയ്ക്ക് പുറമേ കാപ്സിക്കം, കൂർക്ക, വഴുതന, വെണ്ടയ്ക്ക, സ്ട്രോബെറി, അത്തിപ്പഴം, വിവിധതരം ഇലക്കറികൾ എന്നിവയെല്ലാം ഇവിടെ വൻതോതിൽ കൃഷി ചെയ്യുന്നുണ്ട്. ഇവയിൽ നിന്നെല്ലാംകൂടി പ്രതിവർഷം 37,000 ടണ്ണിലധികം ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തുന്നത്.
ചെടികൾക്ക് ആവശ്യമായ വെള്ളവും വളവും കൃത്യമായ അളവിൽ നൽകിയും കൃത്യമായ ഇടവേളകളിൽ നിരീക്ഷിച്ചുമാണ് കർഷകർ വിളകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത്. ഗ്രീൻഹൗസിനുള്ളിലെ ചൂട്, ഈർപ്പം, വായുസഞ്ചാരം, വെളിച്ചം എന്നിവ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കുമെന്നതിനാൽ ചെടികൾക്ക് മികച്ച രീതിയിൽ വളരാൻ കഴിയുന്നു.
കൂടാതെ, വെള്ളം പാഴായിപ്പോകാതെ ചെടികളുടെ വേരുകളിലേക്ക് നേരിട്ടെത്തിക്കുന്ന ആധുനിക നനയ്ക്കുന്ന രീതികളാണ് ഇവിടെ ഉപയോഗിക്കുന്നത്. ശക്തമായ കാറ്റ്, പൊടിപടലങ്ങൾ, കീടങ്ങളുടെ ആക്രമണം എന്നിവയിൽ നിന്നും ചെടികളെ പൂർണമായി സംരക്ഷിക്കാനും ഈ അടച്ചുകെട്ടിയ സംവിധാനത്തിന് സാധിക്കുന്നു.
കൃഷിയെ ആധുനികവൽക്കരിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് ഗ്രീൻഹൗസുകളെന്ന് നജ്റാൻ മേഖലയിലെ പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയ ശാഖാ ജനറൽ ഡയറക്ടർ എൻജി. മുരീ ബിൻ ഷാരെ അൽ ഷഹ്റാനി വ്യക്തമാക്കി. വിളകളുടെ ഉൽപ്പാദനവും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനോടൊപ്പം ജലഉപയോഗം വൻതോതിൽ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനങ്ങൾ കൃഷിയെ ബാധിക്കാതെ നോക്കാനും ഈ രീതി സഹായിക്കുന്നുണ്ട്. ഇത് നജ്റാനിലെ കാർഷിക മേഖലയ്ക്ക് ദീർഘകാലത്തേക്ക് വലിയ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.