സൗദി പിന്തുണയോടെ ഗസ്സയിൽ ‘മക്ക’ സ്കൂൾ പ്രവർത്തനം ആരംഭിച്ചു

റിയാദ്​/ഖാൻ യൂനിസ്: സൗദി അറേബ്യയുടെ ധനസഹായത്തോടെ ദക്ഷിണ ഗസ്സയിൽ നിർമിച്ച ‘മക്ക’ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഫലസ്തീൻ ജനതക്കായുള്ള സൗദി പബ്ലിക് കാമ്പയി​െൻറ ഭാഗമായി, കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ നടപ്പാക്കുന്ന സുരക്ഷിത പഠനാന്തരീക്ഷം ഒരുക്കുന്ന പദ്ധതിയിലാണ് വിദ്യാലയം യാത്ഥാർത്ഥ്യമായത്.

ദേശീയ-അന്തർദേശീയ സ്ഥാപനങ്ങളുടെ പ്രതിനിധികളും പ്രാദേശിക പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. തകർന്നുപോയ വിദ്യാഭ്യാസ മേഖലയുടെ പുനർനിർമാണത്തിനും അധ്യയനം പുനരാരംഭിക്കുന്നതിനും സ്കൂളി​െൻറ ഉദ്ഘാടനം വലിയ പ്രതീക്ഷ നൽകുന്നുവെന്ന് ഗസ്സയിലെ സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ് ചെയർമാൻ ഡോ. ഇസാം അബു ഖലീൽ വ്യക്തമാക്കി.

 

ആദ്യ ഘട്ടത്തിൽ 1,000 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ പ്രവേശനം നൽകുകയും 32 തൊഴിലവസരങ്ങൾ സൃഷ്​ടിക്കുകയും ചെയ്യും. തുടർന്നുള്ള ഘട്ടങ്ങളിൽ സ്കൂളി​െൻറ ശേഷി 4,000 വിദ്യാർത്ഥികളായി ഉയർത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാനവവിഭവ ശേഷി വികസനമാണ് ഏറ്റവും പ്രധാനം എന്ന വിശ്വാസത്തിലും, കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കേണ്ടത് സംയുക്ത മാനുഷിക ഉത്തരവാദിത്തമാണെന്ന തിരിച്ചറിവിലുമാണ് സൗദി അറേബ്യ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ പ്രക്രിയ പുനരാരംഭിക്കുന്നതിനും മേഖലയെ പുനർജീവിപ്പിക്കുന്നതിനും വിദ്യാലയത്തി​െൻറ തുടക്കം സുപ്രധാന ചുവടുവെപ്പാണെന്ന് ഈസ്​റ്റ്​ ഖാൻ യൂനിസ് വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഇബ്രാഹിം റമദാൻ പറഞ്ഞു. സൗദി ഭരണകൂടത്തിനും ജനങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

 

ഗസ്സയിലെ ദുരന്തബാധിതരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സുപ്രധാന മേഖലകളെ പിന്തുണച്ച് ജനങ്ങളുടെ അതിജീവന ശേഷി ശക്തിപ്പെടുത്തുന്നതിനുമായി കിങ്​ സൽമാൻ റിലീഫ് സെൻറർ വഴി സൗദി അറേബ്യ നടപ്പാക്കി വരുന്ന തുടർച്ചയായ ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായാണ് പുതിയ സ്കൂളി​െൻറ പ്രവർത്തനം.

Tags:    
News Summary - സൗദി പിന്തുണയോടെ ഗസ്സയിൽ ‘മക്ക’ സ്കൂൾ പ്രവർത്തനം ആരംഭിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.