റിയാദ്: പ്രശസ്ത സിനിമാതാരം പൃഥ്വിരാജിനെയും ‘ഖലീഫ’ സിനിമയുടെ അണിയറപ്രവർത്തകരെയും വരവേൽക്കാൻ റിയാദിലെ ലുലു സൗദി ഒരുങ്ങുന്നു. പൃഥ്വിരാജിെൻറ ആദ്യ റിയാദ് സന്ദർശനത്തോട് അനുബന്ധിച്ച് ലുലു സൗദിയും ഒരു സ്വകാര്യ ഇവൻറ് കമ്പനിയും സംയുക്തമായാണ് പ്രമോഷൻ പരിപാടി സംഘടിപ്പിക്കുന്നത്.
റിയാദ് മലസിലുള്ള ലുലു ഹൈപ്പർമാർക്കറ്റിലെ റൂഫ് ടോപ് അരീനയിൽ ആഗസ്റ്റ് 13-ന് വൈകുന്നേരം 6.30 മുതലാണ് സ്വീകരണവും ചിത്രത്തിെൻറ പ്രമോഷൻ ചടങ്ങുകളും നടക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് മാസ് ആക്ഷൻ-ചെയ്സ് എൻറർടെയ്നറായ ‘ഖലീഫ’ ഓണം റിലീസായി ആഗസ്റ്റ് 20-നാണ് തീയറ്ററുകളിൽ എത്തുന്നത്. ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രണ്ടു ഭാഗങ്ങളായി നിർമിക്കുന്ന ബിഗ് സ്ക്രീൻ ചിത്രത്തിെൻറ ആദ്യ ഭാഗമാണ് ഈ വർഷം പ്രദർശനത്തിനെത്തുന്നത്.
വൻ വിജയമായ ‘പോക്കിരി രാജ’ക്കു ശേഷം ദീർഘകാലത്തെ ഇടവേള കഴിഞ്ഞ് വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൂപ്പർ താരം മോഹൻലാൽ കാമിയോ റോളിൽ എത്തുന്ന ചിത്രത്തിൽ തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. മാളവികയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ആദ്യമായി റിയാദിലെത്തുന്ന പൃഥ്വിരാജിനെയും ‘ഖലീഫ’ ടീമിനെയും നേരിൽ കാണാനും വരവേൽക്കാനുമുള്ള ആവേശത്തിലാണ് സൗദിയിലെ ചലച്ചിത്ര പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.