റിയാദ്: തീർഥാടകർക്ക് ലഭ്യമാക്കുന്ന സേവനങ്ങളും ഹജ്ജ് സംരംഭങ്ങളുടെ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പങ്കാളിത്ത ഏജൻസികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിർണയിച്ചുകൊണ്ടുള്ള പുതിയ ഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി.
ഹജ്ജ് വേളയിലെ സുരക്ഷാ ചുമതലകളുടെ പ്രധാന ഉത്തരവാദിത്തം ആഭ്യന്തര മന്ത്രാലയത്തിനാണ്. മക്ക, മദീന മേഖലകളിലെ ഗവർണറേറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന സുരക്ഷാ പ്രവർത്തനങ്ങൾക്ക് നാഷനൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം, സായുധ സേന, ജനറൽ ഇൻറലിജൻസ് പ്രസിഡൻസി, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി, ഹൈ കമീഷൻ ഫോർ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവർ ആവശ്യമായ പിന്തുണ നൽകും.
തീർഥാടകർക്കുള്ള ആരോഗ്യ സേവനങ്ങളുടെ പൂർണ ചുമതല ആരോഗ്യ മന്ത്രാലയം നിർവഹിക്കും. ഇതിനായി നാഷനൽ ഗാർഡ്, പ്രതിരോധം, ആഭ്യന്തര മന്ത്രാലയങ്ങൾ, സൗദി റെഡ് ക്രസൻറ് അതോറിറ്റി, പബ്ലിക് ഹെൽത്ത് അതോറിറ്റി, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എന്നിവയുടെ സഹകരണം ഉറപ്പാക്കും. തീർഥാടകർക്കുള്ള നേരിട്ടുള്ള സേവനങ്ങളുടെ പ്രധാന ചുമതല ഹജ്ജ്-ഉംറ മന്ത്രാലയത്തിനാണ്. ആഭ്യന്തര മന്ത്രാലയം, ടൂറിസം മന്ത്രാലയം, സൗദി അറേബ്യൻ സ്കൗട്ട്സ് അസോസിയേഷൻ, മക്ക റോയൽ കമീഷൻ എന്നിവയുടെ സഹകരണത്തോടെയാകും ഇത് നടപ്പാക്കുക.
നഗരസഭാ സേവനങ്ങളുടെയും പൊതുസൗകര്യങ്ങളുടെയും മേൽനോട്ടം മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയം നിർവഹിക്കുമ്പോൾ, ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രാലയവും റോയൽ കമീഷനും ഇതിൽ പങ്കാളികളാകും. കരമാർഗമുള്ള ഗതാഗത സേവനങ്ങളുടെ മേൽനോട്ടം ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിക്കായിരിക്കും. തീർഥാടകരുടെ താമസസൗകര്യങ്ങളുടെ ചുമതല ടൂറിസം മന്ത്രാലയവും, ഭക്ഷണ വിതരണവും കേറ്ററിങ് സേവനങ്ങളും വാണിജ്യ മന്ത്രാലയവും മക്ക നഗരസഭയും ചേർന്ന് കൈകാര്യം ചെയ്യും.
ഇസ്ലാമിക ബോധവൽക്കരണവും മതപരമായ മാർഗനിർദ്ദേശങ്ങളും ഇസ്ലാമിക കാര്യ മന്ത്രാലയം നിർവഹിക്കും. മക്കയിലെ മസ്ജിദുൽ ഹറമിലെയും മദീനയിലെ മസ്ജിദുന്നബവിയിലെയും മതപരമായ സേവനങ്ങൾ ഇരുഹറം മതകാര്യ പ്രസിഡൻസിയും, പള്ളികളുടെ പൊതുപരിപാലനവും വികസനവും ഇരുഹറം പരിപാലന ജനറൽ അതോറിറ്റി ഏറ്റെടുക്കും.
വാർത്താപ്രചാരണവും മാധ്യമ കവറേജും യൂനിഫൈഡ് ഹജ്ജ് ഓപ്പറേഷൻസ് സെൻറർ കൈകാര്യം ചെയ്യുമ്പോൾ, സാങ്കേതിക സേവനങ്ങളും ഡിജിറ്റൽ പരിവർത്തനവും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ഏകോപിപ്പിക്കും. സൈബർ സുരക്ഷ നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റിയും, വാർത്താവിനിമയ സേവനങ്ങൾ കമ്യൂണിക്കേഷൻസ് മന്ത്രാലയവും ഉറപ്പാക്കും.
ഊർജ്ജ വിതരണം ഊർജ്ജ മന്ത്രാലയവും, പരിസ്ഥിതി-ജല-കാലാവസ്ഥാ സേവനങ്ങൾ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയവും വികസന അതോറിറ്റികളും ചേർന്ന് ലഭ്യമാക്കും. ഹജ്ജ് സ്ഥിതിവിവരക്കണക്കുകൾ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കും. ഹജ്ജ് പ്രവർത്തനങ്ങളുടെ നിരീക്ഷണവും അഴിമതി വിരുദ്ധ പരിശോധനകളും ‘നസഹ’ ഏറ്റെടുക്കും. ഔദ്യോഗിക അതിഥി സൽക്കാര ചുമതലകൾ റോയൽ പ്രോട്ടോക്കോൾ നിർവ്വഹിക്കും. വിവിധ വകുപ്പുകൾ തമ്മിലുള്ള പരസ്പര ഏകോപനം ഉറപ്പാക്കുന്നതിനായി ഓരോ ഏജൻസിയുടെയും ചുമതലകളുടെ വിശദമായ വിവരണം സുപ്രീം ഹജ്ജ് കമ്മിറ്റി തയ്യാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.