യമൻ സംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള പദ്ധതിക്കായി സൗദിയും യുനെസ്കോയും ധാരണപത്രത്തിൽ ഒപ്പ് വെച്ചപ്പോൾ
യാംബു: യമന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ചരിത്രപ്രധാനമായ ഇടങ്ങളെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സൗദി അറേബ്യയും യുനെസ്കോയും കൈകോർക്കുന്നു. ‘സൗദി ഡെവലപ്‌മന്റെ് ആൻഡ് റീകൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമനും’ (എസ്.ഡി.ആർ.പി.വൈ) യുനെസ്കോയും ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.
യമനിലെ പൈതൃക സംരക്ഷണം, ശാസ്ത്രം, സംസ്കാരം മേഖലകളിൽ സാങ്കേതിക സഹായവും സ്ഥാപനപരമായ വികസനവും ഉറപ്പുവരുത്തുകയാണ് ഈ സംയുക്ത പദ്ധതിയുടെ പ്രധാന ലക്ഷ്യം. സെയൂൻ കൊട്ടാരത്തിന്റെ പുനരുദ്ധാരണമാണ് ഇതിൽ പ്രധാനം. ഹദർമൗത്ത് ഗവർണറേറ്റിലെ ചരിത്രപ്രധാനമായ ഈ കൊട്ടാരം പുനരുദ്ധരിക്കുന്നതിനും പ്രദേശവാസികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്.
തരീമിലെ അൽ അഹ്‌ഖാഫ് ലൈബ്രറിയിലുള്ള അമൂല്യമായ പുരാതന കൈയെഴുത്തുപ്രതികൾ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കും. സോക്കോട്ര ദ്വീപിലെ സമൂഹത്തിനുള്ള പിന്തുണയാണ് മറ്റൊന്ന്. അവിടുത്തെ പരമ്പരാഗത കരകൗശല പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം, അവിടുത്തെ സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിനായി വിവിധ സംരംഭങ്ങൾ നടപ്പാക്കും.
ഭാഷാ-കലാ സംരക്ഷണമാണ് മറ്റൊന്ന്. കിഴക്കൻ യമനിലെ പുരാതന ഭാഷയായ ‘മെഹ്രി’യുടെ നാൾവഴികൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തും. കൂടാതെ പാരമ്പര്യ സംഗീത, കലാ പരിപാടികളിലൂടെ സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തും. എട്ട് സുപ്രധാന മേഖലകളിലായി 268ലധികം പദ്ധതികളിലൂടെ യമൻ ജനതക്ക് സുസ്ഥിര വികസനവും സാമ്പത്തിക വളർച്ചയും ഉറപ്പാക്കാനാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സാംസ്കാരിക അസ്തിത്വം വീണ്ടെടുക്കുന്നതിനൊപ്പം പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും സൗദി-യുനെസ്കോ സഖ്യം വഴിവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.