ഡിജിറ്റൽ തടവറയിലെ അവധിക്കാലം’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ ശിഹാബ് സലഫി പ്രഭാഷണം നടത്തുന്നു
ജിദ്ദ: ഗൾഫിൽ വരാനിരിക്കുന്ന അവധിക്കാലം കുട്ടികളെ ഡിജിറ്റൽ അഡിക്ഷനിൽ (ഡിജിറ്റൽ തടവറ) നിന്ന് മോചിപ്പിക്കാനുള്ള മികച്ചൊരു അവസരമായി രക്ഷിതാക്കൾ മാറ്റിയെടുക്കണമെന്ന് പ്രബോധകൻ ഷിഹാബ് സലഫി ഉണർത്തി. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘ഡിജിറ്റൽ തടവറയിലെ അവധിക്കാലം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രവാസലോകത്ത് പൊതുവെ അവധിക്കാലമായാൽ രാത്രിയിൽ ഒരുപാട് ഉറക്കമൊഴിയുകയും പിന്നീട് പകൽ സമയം മുഴുവൻ ഉറങ്ങിത്തീർക്കുകയും ചെയ്യുന്ന മോശം ശീലമാണ് കണ്ടുവരുന്നത്. ഇത്തരം രീതികളൊക്കെ പൂർണമായും മാറ്റിനിർത്തി, മികച്ചൊരു അവധിക്കാലം പ്ലാൻ പ്രാവർത്തികമാക്കാൻ രക്ഷിതാക്കൾ തയാറാകണം. അങ്ങനെ ചെയ്താൽ അവധിക്കാലം അവസാനിക്കുമ്പോഴേക്കും കുട്ടികളിൽ പോസിറ്റീവായ വലിയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കും.
എന്നാൽ, ഇത്തരം പ്ലാനുകൾ തയാറാക്കുമ്പോൾ രക്ഷിതാക്കളുടെ താല്പര്യങ്ങൾ മാത്രം കുട്ടികളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കരുത്. പകരം അവരുടെ ഇഷ്ടങ്ങൾ കൂടി പരിഗണിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മക്കളുടെ താല്പര്യങ്ങളിൽ അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ, അതിെൻറ ദോഷവശങ്ങൾ സ്നേഹത്തോടെ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം.
കുട്ടികളുടെ സർഗാത്മകതയെ ഉണർത്തുന്ന ക്രിയാത്മകമായ ഒരു പ്ലാൻ ആയിരിക്കണം അവധിക്കാലത്തിനായി തയ്യാറാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന പരിപാടിയിൽ അമീൻ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഗഫൂർ ചുണ്ടക്കാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.