റിയാദ്: സൗദി അറേബ്യക്കെതിരെയുള്ള ഹൂതി സായുധ സംഘത്തിെൻറ പ്രസ്താവനകൾ, സ്വന്തം ജനതയോട് അവർ ചെയ്യുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള വ്യർത്ഥശ്രമം മാത്രമാണെന്ന് യമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണക്കുന്ന സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി.
ഹൂതികൾ തന്നെ വരുത്തിവെച്ച കടുത്ത സാമ്പത്തിക പ്രതിസന്ധികളും യമനി ജനതയുടെ ദുരിതങ്ങളും മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നത്. തങ്ങൾക്കെതിരെ യമനിലെ ഗോത്രവർഗങ്ങളിൽ നിന്നും പ്രാദേശിക സമൂഹത്തിൽ നിന്നും ഉയരുന്ന ശക്തമായ ജനരോഷം അയൽരാജ്യങ്ങളിലേക്ക് തിരിച്ചുവിടാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ഇവർ ലക്ഷ്യമിടുന്നതെന്നും സഖ്യസേന വക്താവ് കുറ്റപ്പെടുത്തി.
ഹൂതികളുടെ ഈ അവകാശവാദങ്ങൾ പ്രകോപനം വർധിപ്പിക്കുന്നതിെൻറയും ശത്രുതാപരമായ നിലപാടുകളുടെയും തുടർച്ചയാണ്. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയെ തകർക്കുകയാണ് ഇതിലൂടെ അവർ ചെയ്യുന്നത്. ഹൂതികളുടെ അട്ടിമറി കാരണം യമൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ ഇല്ലാതാക്കാൻ സൗദി അറേബ്യയും സഖ്യസേനയും അന്താരാഷ്ട്ര പങ്കാളികളും ചേർന്ന് നിരവധി സമാധാന ശ്രമങ്ങൾക്ക് രൂപം നൽകിയിരുന്നു. യമൻ പ്രതിസന്ധി പരിഹരിക്കാനായി മുന്നോട്ടുവെച്ച റോഡ് മാപ്പ് യമൻ സർക്കാർ അംഗീകരിച്ചെങ്കിലും ഹൂതി മിലീഷ്യകൾ അത് പൂർണമായും നിരസിക്കുകയാണുണ്ടായത്.
ശാശ്വത സമാധാനത്തിനുള്ള മുഴുവൻ പരിഹാരങ്ങളെയും തള്ളിക്കളഞ്ഞ ഹൂതികൾ, തെക്കൻ ചെങ്കടലിലും ബാബ് അൽമന്ദബ് കടലിടുക്കിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും നേരെ ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. ഹുദൈദ, അൽ സലീഫ്, റാസ് ഈസ എന്നീ തുറമുഖങ്ങളെയും സൻആ അന്താരാഷ്ട്ര വിമാനത്താവളത്തെയും ലക്ഷ്യമിട്ട് അവർ നടത്തിയ ആക്രമണങ്ങൾ യമനി ജനതയുടെ സമ്പത്ത് വ്യവസ്ഥയെ വലിയ തകർച്ചയിലേക്കാണ് തള്ളിവിട്ടത്.
വൈദ്യുതി നിലയങ്ങൾ, ഫാക്ടറികൾ എന്നിവയുൾപ്പെടെ യമനിലെ അടിസ്ഥാന സൗകര്യങ്ങളെയും സാമ്പത്തിക അടിത്തറയെയും ഇത് സാരമായി ബാധിച്ചതായും മേജർ ജനറൽ തുർക്കി അൽമാലികി ചൂണ്ടിക്കാട്ടി. സൗദി അറേബ്യെയോ അതിെൻറ പൗരന്മാരെയോ ദേശീയ സമ്പത്തുക്കളെയോ ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തിനും, സഹോദര രാജ്യമായ യമൻ റിപ്പബ്ലിക്കിെൻറ പരമാധികാരം ലംഘിക്കാനുള്ള ശ്രമങ്ങൾക്കും എതിരെ സഖ്യസേന കടുത്ത നിശ്ചയദാർഢ്യത്തോടെയും കരുത്തോടെയും തിരിച്ചടിക്കും. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും അതിെൻറ പരമ്പരാഗത ചട്ടങ്ങൾക്കും അനുസൃതമായിട്ടായിരിക്കും ഈ നടപടികളെന്നും സഖ്യസേന വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.