സൗദിയിലെ ഒട്ടകങ്ങൾ
യാംബു: ലോക ഒട്ടകദിനാചരണത്തോടനുബന്ധിച്ച് സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം ഒട്ടകങ്ങളുടെ രാജ്യത്തെ നിലവിലുള്ള സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടു. ജൂൺ 22ലെ ലോക ഒട്ടകദിനം ആഗോളതലത്തിൽ വിപുലമായി ആചരിച്ചു. രാജ്യത്ത് വിവിധ ഇനങ്ങളിൽപ്പെട്ട 22 ലക്ഷം ഒട്ടകങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 656,400 ഒട്ടകങ്ങളുള്ള റിയാദ് മേഖലയാണ് മുന്നിൽ. കിഴക്കൻ പ്രവിശ്യയിൽ 361,100 ഉം മക്കയിൽ 281,100 ഉം ഒട്ടകങ്ങളുണ്ട്.
2024 ലെ കണക്ക് പ്രകാരം ഈ മൂന്നു മേഖലകളിലെ ഒട്ടകങ്ങൾ രാജ്യത്തുടനീളമുള്ള മൊത്തം എണ്ണത്തിന്റെ 58.1 ശതമാനം ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ലോക ഒട്ടകദിനത്തോട് അനുബന്ധിച്ച് ചരിത്രപരമായ പൈതൃകവും സാമ്പത്തിക മേഖലയിൽ ഒട്ടകങ്ങൾ വഹിക്കുന്ന സവിശേഷതകളും മന്ത്രാലയം അവലോകനം ചെയ്തു.
ഒട്ടകമേഖലയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളും ഗ്രാമവികസനത്തെ പിന്തുണക്കുന്നതിൽ ഒട്ടകങ്ങളുടെ പങ്ക് റിപ്പോർട്ടിൽ അടിവരയിടുന്നു.രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഒട്ടകങ്ങളുടെ എണ്ണം മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. ഒട്ടകപ്രജനനത്തെയും ഉൽപാദനത്തെയും പിന്തുണക്കുന്നതിനുള്ള സംവിധാനങ്ങൾ മന്ത്രാലയം ഒരുക്കുന്നു. മദീന മേഖലയിൽ 167,600 ഉം അൽ ഖസീമിൽ 138,800 ഉം ഹാഇലിൽ 128,100 ഉം അസീറിൽ 98,900 ഉം തബൂക്കിൽ 96,200 ഉം വടക്കൻ അതിർത്തി മേഖലയിൽ 88,300 ഉം ഒട്ടകങ്ങളുണ്ട്. അൽ ജൗഫിൽ 94,500, നജ്റാനിൽ 59,600, ജിസാനിൽ 36,900, അൽ ബാഹയിൽ 27,000 ഒട്ടകങ്ങൾ ഉള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക, പോഷക, പാരിസ്ഥിതിക പ്രാധാന്യത്തിന് പുറമേ ദേശീയ സ്വാതന്തൃത്തിന്റെയും പ്രാദേശിക സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമായി ഒട്ടകങ്ങളോടുള്ള വലിയ താൽപര്യത്തെയും മന്ത്രാലയത്തിന്റെ കണക്കുകൾ പ്രതിഫലിപ്പിക്കുന്നു. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഭക്ഷ്യസുരക്ഷയെയും ദേശീയ സമ്പദ്വ്യവസ്ഥയെയും പിന്തുണക്കുന്നതിൽ സൗദി പൈതൃകമായ ഒട്ടകങ്ങളുടെ പങ്ക് എടുത്തുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.