ജുബൈൽ ദരീൻ കുന്നുകളിൽ തുടങ്ങിയ ‘വണ്ടർ ഹിൽസ്’ ആഘോഷ കാഴ്ചകൾ
ജുബൈൽ: ജുബൈൽ റോയൽ കമീഷൻ മേഖലയിലെ വടക്ക് ഭാഗത്ത് ദരീൻ ബീച്ചിനോട് ചേർന്നുള്ള ദരീൻ കുന്നുകളിൽ ‘വണ്ടർ ഹിൽസ്’ ആഘോഷങ്ങൾക്ക് തുടക്കം. പച്ച പുതച്ച മൊട്ടക്കുന്നുകളും പുൽത്തകിടികളും പൂക്കളും ഒക്കെയുള്ള ദരീൻ ഹിൽസ് രാത്രിയാകുമ്പോഴേക്കും വർണവെളിച്ചങ്ങളുടെ മായികപ്രപഞ്ചമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ.
അടുത്തിടെയായി ജുബൈലിൽ നടക്കുന്ന ഏറ്റവും മനോഹരമായ ആഘോഷമാണിത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് സമാനമാണ് പ്രകൃതിയെയും വെളിച്ചത്തെയും കടലിനെയും സമന്വയിപ്പിക്കുന്ന ‘വണ്ടർ ഹിൽസ്’ ആഘോഷങ്ങൾ. ജനുവരി 11വരെ നീളുന്ന പരിപാടി എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 12 വരെ ആളുകൾക്കായി തുറക്കും.
കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന റോയൽ കമീഷൻ ബീച്ചുകളെ രാത്രി ആഘോഷങ്ങൾ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. സ്രാവുകളുടെയും നീരാളിയുടെയുമൊക്കെ അക്വാട്ടിക് ശൈലിയിലും വലിയ ഗോളങ്ങളായും നിറങ്ങൾ മാറിമറിയുന്ന ചെറിയ പുഷ്പങ്ങൾ പോലെയുള്ള വെളിച്ചപ്പൊട്ടുകളും ജപ്പാനിലെ ചെറി ബ്ലോസം ശൈലിയിലുമൊക്കെയായി പല തീമുകളിൽ ഓരോ കുന്നുകളും വിതാനിച്ചിരിക്കുന്ന കാഴ്ചകളാണ് എങ്ങും. വർണ വെളിച്ചങ്ങൾ വാരി വിതറിയ പൂരപ്പറമ്പായി മാറിയിരിക്കുകയാണ് ദരീൻ.
ജയന്റ് വീൽ, ചെറിയ സ്റ്റോറുകൾ, ഗെയിം സ്റ്റേഷനുകൾ ഒക്കെയായി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുന്ന കാഴ്ചകളാണെങ്ങും. കുട്ടികൾക്ക് കളിക്കാനുള്ള പല ഇനങ്ങളും കൂട്ടത്തിൽ ഒരുക്കിയിട്ടുണ്ട്. അൽബൈക് ഉൾപ്പെടെയുള്ള പല ബ്രാൻഡുകളുടെയും ഫുഡ് ഔട്ട്ലറ്റുകളും കോഫി ഷോപ്പുകളും ഇവിടെ തുറന്ന് പ്രവർത്തിക്കുന്നു.
അഞ്ചു വയസ്സിന് മുകളിൽ ആളൊന്നിന് 20 റിയാലാണ് പ്രവേശന ഫീസ്. റോയൽ കമീഷനിൽ നടക്കുന്ന ഇവന്റുകളുടെ ടിക്കറ്റുകൾ വിൽക്കുന്ന പോർട്ടലായ https://window.rcjy.gov.sa/RCJYReservation/, റോയൽ കമീഷന്റെ (റഖീം) ‘വിൻഡോ’ ആപ് എന്നിവയിൽ സബ്സ്ക്രൈബ് ചെയ്ത് ലോഗിൻ ചെയ്താൽ ടിക്കറ്റുകൾ വാങ്ങാം. ആളുകളുടെ കനത്ത തിരക്ക് അനുഭവപ്പെടുന്നതിനാൽ പലപ്പോഴും ദൂരെയായിരിക്കും വാഹനം പാർക്ക് ചെയ്യാൻ കഴിയുക. ടിക്കറ്റുള്ളവർക്ക് ഉത്സവ നഗരിയിലേക്ക് സൗജന്യമായി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പല സ്റ്റേജുകളിലായി റഷ്യൻ ക്ലാസിക് നൃത്തങ്ങളും ലൈവ് ഷോകളും മറ്റു കലാപരിപാടികളും അരങ്ങേറുന്നു. ഓരോ സമയത്തും നിശ്ചിത ഇനങ്ങളാണ് അവതരിപ്പിക്കപ്പെടുക. ആഴ്ചാവസാനം കുടുംബങ്ങളുടെയുൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദൂരെ ദിക്കുകളിൽനിന്ന് പോലും ആളുകളെത്തുന്നുണ്ട്. മൂന്ന് ദിവസങ്ങളിലായി 10 മിനിറ്റോളം നീണ്ട വെടിക്കെട്ടും ആഘോഷങ്ങൾക്ക് പൊലിമ പകർന്നു.
ദരീൻ ഹിൽസിലെ കനാലിന് കുറുകെയുള്ള മേൽപ്പാലത്തിനപ്പുറം ജല കാഴ്ചകളോടു ചേർന്ന് ചെറിയ കോട്ടേജുകളും നല്ലൊരു അനുഭൂതിയാണ്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന സൗദിയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിലും മുമ്പെങ്ങും കാണാത്ത വലിയ ആഘോഷ വിസ്മയങ്ങളാണ് സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.