ജിദ്ദ: കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾക്കെതിരെ സൗദി അറേബ്യ കർശന നടപടി സ്വീകരിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അത്തരം പ്രചാരണങ്ങൾ ചില രോഗികളെ വൈദ്യോപദേശമില്ലാതെ ചികിത്സകൾ നിർത്താൻ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത് ഗുരുതരമായ അപകടം വിളിച്ചുവരുത്തും. ഒരു ഡോക്ടറുമായി കൂടിയാലോചിക്കാതെ മരുന്നുകൾ നിർത്തുകയോ മാറ്റുകയോ ചെയ്യുന്നത് ആരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
സ്റ്റാറ്റിനുകളും മറ്റ് കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകളും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും (എസ്.എഫ്.ഡി.എ) അന്താരാഷ്ട്ര റെഗുലേറ്റർമാരും അംഗീകരിച്ചിട്ടുണ്ടെന്നും ഹൃദ്രോഗം, സ്ട്രോക്കുകൾ, ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട മറ്റ് സങ്കീർണതകൾ എന്നിവ തടയുന്നതിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ മരുന്ന് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്നും പേശികൾക്ക് തകരാർ സംഭവിക്കുമെന്നും വേദനയുണ്ടാക്കുമെന്നും ഓർമ്മശക്തിയെയും വൈജ്ഞാനിക പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.