മിഡിലീസ്റ്റിലെ യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്
റിയാദ്: യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി അമേരിക്ക ഞായറാഴ്ച ജിദ്ദയിൽ ചർച്ച നടത്തും. മിഡിലീസ്റ്റിലെ യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഞായറാഴ്ച പടിഞ്ഞാറൻ സൗദിയിലെ ജിദ്ദ നഗരത്തിൽ യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ച നടക്കുമെന്ന് വിറ്റ്കോഫ് പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ നേതൃത്വത്തിൽ യു.എസ് ഭരണകൂടത്തിൽനിന്നുള്ള ഒരു സംഘം ചർച്ചകളിൽ പങ്കെടുക്കാൻ ജിദ്ദയിലേക്ക് പോകും. യുക്രെയിനിൽ ഊർജ്ജവും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ യുക്രെയ്നിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്ക് ഊന്നൽ നൽകുമെന്നും വിറ്റ്കോഫ് പറഞ്ഞു.
ജിദ്ദയിൽ എട്ട് മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകൾക്കുശേഷമാണ് റഷ്യൻ-യുക്രെയിൻ ഫയലിൽ ദ്രുതഗതിയിലുള്ള മറ്റൊരു ചർച്ച നടക്കാൻ പോകുന്നത്. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് അൽ അയ്ബാന്റെ സാന്നിധ്യത്തിൽ അടുത്തിടെയാണ് യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിന് യുക്രെയ്ൻ പ്രതിനിധികളും യു.എസ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് ജിദ്ദ ആതിഥേയത്വം വഹിച്ചത്.
ലോകത്തിലെ സുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിന് സൗദി നടത്തുന്ന ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ചർച്ചകൾ നടന്നത്. എല്ലാ അന്താരാഷ്ട്ര പ്രതിസന്ധികളും പരിഹരിക്കുന്നതിനും ഇരു കക്ഷികളുടെയും കാഴ്ചപ്പാടുകൾ കൂടുതൽ അടുപ്പിക്കുന്നതിനുമുള്ള ഏക മാർഗം സംഭാഷണമാണെന്ന നിലയിലും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സ്ഥാപിക്കുക എന്ന ഫലങ്ങൾ കൈവരിക്കുന്നതിനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.