റിയാദ്: രാജ്യത്ത് ലൈസൻസില്ലാതെ ഡെലിവറി സേവനങ്ങൾ നൽകിവന്ന നിരവധി കമ്പനികളെ ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് (ടി.ജി.എ) കണ്ടെത്തി. ഓൺലൈൻ സ്റ്റോറുകൾ, റീട്ടെയിൽ കടകൾ, റെസ്റ്റോറൻറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ആവശ്യമായ നിയമപരമായ ലൈസൻസുകളില്ലാതെ സാധനങ്ങൾ ഉപഭോക്താക്കളിൽ എത്തിച്ചിരുന്നതെന്ന് അതോറിറ്റിയുടെ പരിശോധനാ വിഭാഗം വ്യക്തമാക്കി.
ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നിരീക്ഷണത്തിൽ, ഇത്തരം ഡെലിവറി സേവനങ്ങളിൽ ചിലത് സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ വഴിയും മറ്റ് ചിലത് നേരിട്ടുമാണ് ഓർഡറുകൾ നിയന്ത്രിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. നിലവിലുള്ള നിയമാവലികൾ പാലിക്കാതെയും കൃത്യമായ അനുമതി പത്രങ്ങളില്ലാതെയുമാണ് ഈ സർവീസുകളിൽ ഒരു വിഭാഗം പ്രവർത്തിക്കുന്നത്.
റോഡ് ഗതാഗത നിയമപ്രകാരം നിയമലംഘനം നടത്തുന്ന കമ്പനികളുടെ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാനും, വാഹനങ്ങൾ പിടിച്ചെടുക്കാനും, നിയമവിരുദ്ധമായി ജോലി ചെയ്യുന്ന ഡ്രൈവർമാരെ നാടുകടത്താനും വ്യവസ്ഥയുണ്ടെന്ന് അതോറിറ്റി ഓർമിപ്പിച്ചു. അതിനാൽ നിലവിലെ സാഹചര്യം എത്രയും വേഗം തിരുത്താനും, അതത് പ്രവർത്തന മേഖലകൾക്ക് അനുസൃതമായി നിയമപരമായ ലൈസൻസ് നടപടികൾ പൂർത്തിയാക്കാനും അതോറിറ്റി മുഴുവൻ കമ്പനികളോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.