ഖസീം പ്രവിശ്യയിൽ ‘ഷമ്മാം’ വിളവെടുപ്പിന്​ തുടക്കമായപ്പോൾ

കാർഷിക സമൃദ്ധിയിൽ ഖസീം; ‘ഷമ്മാം’ വിളവെടുപ്പ് ഉത്സവത്തിന് തുടക്കം

ബുറൈദ: സൗദി അറേബ്യയുടെ കാർഷിക ഹൃദയഭൂമിയായ ഖസീം പ്രവിശ്യയിൽ ഈ വർഷത്തെ ‘ഷമ്മാം’ (മധുരച്ചെരങ്ങ) വിളവെടുപ്പ് ഉത്സവത്തിന് തുടക്കമായി. മേഖലയിലെ പ്രധാന വേനൽക്കാല വിളയായ ഷമ്മാം വിപണി കീഴടക്കിയതോടെ ബുറൈദ സെൻട്രൽ മാർക്കറ്റ്, ഉനൈസ, അൽമുദ്നിബ് എന്നിവിടങ്ങളിലെ പൊതുവിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഖസീമിലെ സവിശേഷമായ മൺഘടന പഴങ്ങൾക്ക് മികച്ച വലുപ്പവും ഉയർന്ന മധുരവും നൽകാൻ സഹായിക്കുമെന്ന് പ്രാദേശിക കർഷകനായ അബ്ദുല്ല അൽഹനായ വ്യക്തമാക്കി. കർഷകരുടെ പരിചയസമ്പത്തും വേനൽക്കാലത്തെ ഉയർന്ന താപനിലയും കുറഞ്ഞ ഈർപ്പവും പഴങ്ങൾ വേഗത്തിൽ പാകമാകാൻ കാരണമാകുന്നു. പരമ്പരാഗത പ്രാദേശിക ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയെന്നും, ദീർഘദൂര ഗതാഗതത്തിന് അനുയോജ്യമായ 'അമേരിക്കൻ തണ്ണിമത്തൻ', കടുപ്പമേറിയ മധുരമുള്ള 'മഞ്ഞ ഷമ്മാം' എന്നിവയാണ് പ്രധാന ആകർഷണങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

വിളവെടുപ്പ്, പായ്ക്കിംഗ്, ഗതാഗതം, ലേലം വിളി എന്നിവയിലൂടെ വലിയ രീതിയിലുള്ള സീസണൽ തൊഴിലവസരങ്ങളും വരുമാനവുമാണ് ഈ കാലയളവ് സമ്മാനിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യം ഉറപ്പാക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ബലദിയ ഓഫീസുകളും സംയുക്തമായി ഫാമുകളിലും മാർക്കറ്റുകളിലും കർശന നിരീക്ഷണം നടത്തുന്നുണ്ട്. കീടനാശിനികളുടെ അവശിഷ്ടമില്ലെന്ന് ഉറപ്പാക്കാൻ സാംപിളുകൾ ശേഖരിച്ച് ലബോറട്ടറികളിൽ പരിശോധിക്കുന്നുമുണ്ട്.

ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയതോടെ രാജ്യത്തെ ആകെ ഷമ്മാം ഉൽപ്പാദനം 70,500 ടൺ കവിഞ്ഞതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. ഇത് കർഷകരുടെ വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാക്കി. ഖസീമിന് പുറമെ മദീന, ഹാഇൽ, നജ്‌റാൻ, അൽജൗഫ്, കിഴക്കൻ പ്രവിശ്യ, തബൂക്ക് എന്നീ മേഖലകളിലും ഷമ്മാം വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - Qasim in agricultural prosperity; 'Shammam' harvest festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.