ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ സമ്മേളനത്തിൽ സൗദി പ്രതിനിധികൾ
റിയാദ്: സിറിയയുടെ ഐക്യം, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവക്ക് അറബ് ലീഗിനെ പ്രതിനിധീകരിച്ച് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു. സിറിയൻ മണ്ണിൽ ഉടനീളം അധികാരം വ്യാപിപ്പിക്കാനുള്ള അവിടുത്തെ ഭരണകൂടത്തിെൻറ ശ്രമങ്ങൾക്ക് സൗദി അറേബ്യ ഐക്യദാർഢ്യം അറിയിച്ചു. സിറിയയിലെ മാനുഷിക-രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ സമ്മേളനത്തിലാണ് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിൽ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സിറിയയെ ഭീകരതയെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് നീക്കണമെന്ന് അറബ് ലീഗ് ഈ സമ്മേളനത്തിൽ ഔദ്യോഗികമായി ആവശ്യപ്പെട്ടു. സിറിയയുടെ നിലവിലെ പരിവർത്തന ഘട്ടത്തിൽ അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ അനിവാര്യമാണെന്ന് ഡോ. അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി. ഇത് രാജ്യത്ത് സ്ഥിരത ഉറപ്പാക്കുന്നതിനും മാനുഷിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാരണമാകും.
സിറിയൻ സർക്കാർ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ഈ ഘട്ടത്തിൽ ഫലപ്രദമായ ആഗോള പിന്തുണ ആവശ്യമാണ്.ഐ.എസ് ഉൾപ്പെടെയുള്ള എല്ലാത്തരം ഭീകരവാദ രൂപങ്ങളെയും ചെറുക്കാനുള്ള സിറിയൻ സർക്കാരിെൻറ ശ്രമങ്ങൾക്ക് അറബ് ലീഗ് പിന്തുണ അറിയിച്ചു. സിറിയ നേരിടുന്ന സുരക്ഷാ, മാനുഷിക വെല്ലുവിളികളെ നേരിടുന്നതിന് അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കേണ്ടതുണ്ട്. ഈ നിർണായക ഘട്ടത്തിൽ ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് യോജിച്ച ആഗോള ശ്രമങ്ങൾ ഉണ്ടാകണമെന്നും സൗദി ആവശ്യപ്പെട്ടു.
സിറിയൻ അഭയാർഥികൾക്ക് അഭയം നൽകുന്ന രാജ്യങ്ങൾക്കുള്ള പിന്തുണ വിപുലീകരിക്കാൻ അറബ് ലീഗ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. അഭയാർത്ഥികൾ മൂലമുണ്ടാകുന്ന മാനുഷികവും സാമ്പത്തികവുമായ ഭാരങ്ങൾ ആതിഥേയ രാജ്യങ്ങൾ മാത്രം വഹിക്കേണ്ടി വരുന്നത് ഒഴിവാക്കണം.
ആ രാജ്യങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും അഭയാർഥികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും പങ്കിട്ട അന്താരാഷ്ട്ര ഉത്തരവാദിത്തം അനിവാര്യമാണെന്ന് സമ്മേളനത്തിൽ വ്യക്തമാക്കി. ഇതോടൊപ്പം, സിറിയൻ പ്രദേശങ്ങളിലേക്ക് ഇസ്രായേൽ നടത്തുന്ന ആവർത്തിച്ചുള്ള കടന്നുകയറ്റങ്ങളെയും ആക്രമണങ്ങളെയും അറബ് ഗ്രൂപ് ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.