ഐക്യരാഷ്​ട്രസഭയുടെ രാജ്യാന്തര പൊതുസേവന പുരസ്‌കാരം സൗദി അറേബ്യയുടെ ‘സദ്‍യ’യ്ക്ക്

 റിയാദ്: ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിതബുദ്ധി) മേഖലകളിൽ കൈവരിച്ച സമാനതകളില്ലാത്ത പുരോഗതിക്ക് ആഗോള അംഗീകാരവുമായി സൗദി അറേബ്യ. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ (സദ്‍യ) രണ്ട് പ്രമുഖ ഡിജിറ്റൽ സംരംഭങ്ങളായ ‘നാഷനൽ ഡാറ്റ ബാങ്കും’, ‘ഇസ്തിശ്റാഫ്’ പ്ലാറ്റ്‌ഫോമും 2026-ലെ ഐക്യരാഷ്​ട്രസഭയുടെ അഭിമാനകരമായ പൊതുസേവന അവാർഡിന് അർഹമായി.

ലോകമെമ്പാടുമുള്ള 62 രാജ്യങ്ങളിൽ നിന്നായി 700-ലധികം പ്രമുഖ സംരംഭങ്ങൾ പങ്കെടുത്ത ശക്തമായ രാജ്യാന്തര മത്സരത്തിനൊടുവിലാണ് സൗദി അറേബ്യ ഈ നേട്ടം സ്വന്തമാക്കിയത്. സർക്കാർ മേഖലയിലെ നൂതനമായ പ്രവർത്തന മികവിനും, പൊതുജന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന മികച്ച ഡിജിറ്റൽ ആശയങ്ങൾക്കും നൽകപ്പെടുന്ന ഏറ്റവും ഉയർന്ന അന്താരാഷ്​ട്ര ബഹുമതികളിൽ ഒന്നായാണ് യു.എന്നി​െൻറ ഈ പുരസ്‌കാരം കണക്കാക്കപ്പെടുന്നത്.

ഡാറ്റാ ഗുണനിലവാരം ഉറപ്പുവരുത്തുക, വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള വിവര കൈമാറ്റം സുഗമമാക്കുക എന്നിവയിലൂടെ മികച്ച തീരുമാനങ്ങളെടുക്കാനും രാജ്യത്തി​െൻറ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമായി വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട ദേശീയ പദ്ധതിയാണ് നാഷനൽ ഡാറ്റ ബാങ്ക്.

ഇതോടൊപ്പം നിർമിതബുദ്ധിയുടെയും വിപുലമായ ഡാറ്റാ വിശകലനത്തി​െൻറയും സഹായത്തോടെ പ്രവർത്തിക്കുന്ന നൂതന സംവിധാനമാണ് ‘ഇസ്തിശ്റാഫ്’ പ്ലാറ്റ്‌ഫോം. സർക്കാർ സ്ഥാപനങ്ങളുടെ സന്നദ്ധത വിലയിരുത്തുന്ന സൂചകങ്ങൾ, കൃത്യമായ വിശകലനങ്ങൾ, ഭാവി പ്രവചനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ഭരണപരമായ നയരൂപവത്​കരണങ്ങളെയും സുപ്രധാന തീരുമാനങ്ങളെയും ഈ പ്ലാറ്റ്‌ഫോം ശക്തമായി പിന്തുണയ്ക്കുന്നു.

വ്യാഴാഴ്​ച (ജൂൺ 25)ന് ജോർജിയയിലെ തിബിലിസിൽ വെച്ച് നടക്കുന്ന ഐക്യരാഷ്​ട്രസഭയുടെ പബ്ലിക് സർവീസ് ഫോറത്തി​െൻറ ഔദ്യോഗിക ചടങ്ങിൽ ‘സദ്‍യ’ പ്രതിനിധികൾ ഈ രാജ്യാന്തര പുരസ്‌കാരം ഏറ്റുവാങ്ങും. ആഗോള ഡിജിറ്റൽ രംഗത്ത് സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ നേട്ടം.

Tags:    
News Summary - Saudi Arabia's 'Sadya' wins UN International Public Service Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.