സൽമാൻ രാജാവ്
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പ്രത്യേക അതിഥികളായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരം തീർഥാടകർ ഇത്തവണ ഉംറ നിർവഹിക്കാനെത്തുന്നു. സൽമാൻ രാജാവിെൻറ സ്വന്തം ചെലവിൽ ഹജ്ജ്, ഉംറ തീർഥാടനങ്ങൾക്ക് അവസരമൊരുക്കുന്നതിനായി സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം നടപ്പാക്കുന്ന ‘ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതി’ക്ക് കീഴിലാണ് ഈ സന്ദർശനം. ഇതിനായുള്ള പ്രത്യേക അനുമതി സൽമാൻ രാജാവ് നൽകിക്കഴിഞ്ഞു.
നാല് ബാച്ചുകളായാണ് ഈ വർഷത്തെ ഉംറ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ആദ്യ ബാച്ചിൽ 16 ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 250 സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് എണ്ണപ്പെടുന്നത്. ഇന്തോനേഷ്യ, കിഴക്കൻ തിമോർ, ഫിലിപ്പീൻസ്, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, വിയറ്റ്നാം, മ്യാൻമർ, ലാവോസ്, സിംഗപ്പൂർ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌വാൻ, മംഗോളിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ആദ്യ ഘട്ടത്തിൽ റിയാദിലെത്തുക.
ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയ്ക്കിടയിൽ സാഹോദര്യബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഇസ്‌ലാമിക സമൂഹത്തിലെ പണ്ഡിതന്മാർ, ശൈഖുമാർ, സ്വാധീനമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുമായി ആശയവിനിമയത്തിെൻറ ശക്തമായ പാലങ്ങൾ പണിയുന്നതിനും സൗദി അറേബ്യ നൽകുന്ന വലിയ പ്രാധാന്യമാണ് ഈ ആതിഥേയത്വത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് സൗദി ഇസ്‌ലാമിക കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽലത്തീഫ് ആലുശൈഖ് വ്യക്തമാക്കി. സൗദിയുടെ മാനുഷികവും മതപരവുമായ വലിയൊരു സന്ദേശമാണിത്.
ഇസ്‌ലാമിനെയും ആഗോള മുസ്‌ലിം സമൂഹത്തെയും സേവിക്കുന്നതിൽ കാണിക്കുന്ന വലിയ താൽപ്പര്യത്തിനും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് ഉംറയും പുണ്യനഗരങ്ങളിലെ സന്ദർശനവും സമാധാനപരമായും സുഗമമായും നിർവഹിക്കാൻ അവസരമൊരുക്കുന്നതിനും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മതകാര്യ മന്ത്രി പ്രത്യേക നന്ദി രേഖപ്പെടുത്തി.
ആരംഭം കുറിച്ച നാൾ മുതൽ വൻ വിജയമായി മാറിയ ഈ പദ്ധതിയിലൂടെ ഇതുവരെ നൂറ്റിനാല്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾക്ക് ഉംറ നിർവഹിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ സേവിക്കുക എന്ന സൗദിയുടെ മഹത്തായ ദൗത്യവും പദ്ധതിയുടെ ലക്ഷ്യങ്ങളും പൂർണ്ണമായി കൈവരിക്കാൻ സഹായിക്കുന്ന രീതിയിൽ, വിപുലമായ പ്രവർത്തന സംവിധാനങ്ങളിലൂടെ മികച്ചതും സമഗ്രവുമായ സേവനങ്ങളാണ് തീർഥാടകർക്കായി ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.