സൗദി മന്ത്രിസഭായോഗം സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചേർന്നപ്പോൾ

വിദേശികൾക്ക്​ റിയൽ എസ്​റ്റേറ്റ് ഉടമസ്ഥാവകാശം: വ്യവസ്ഥകൾക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: സൗദി പൗരത്വമില്ലാത്തവർക്ക്​ രാജ്യത്ത് റിയൽ എസ്​റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള വ്യവസ്ഥകൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച ജിദ്ദയിൽ സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ തീരുമാനം ഉണ്ടായത്.

വിദേശികൾക്ക് സ്വത്ത് സ്വന്തമാക്കാൻ അനുവാദമുള്ള പ്രത്യേക ഭൂമിശാസ്ത്രപരമായ മേഖലകൾക്കും യോഗം അംഗീകാരം നൽകിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായുള്ള അന്താരാഷ്​ട്ര സഹകരണം ശക്തമാക്കുന്ന നിരവധി സുപ്രധാന കരാറുകൾക്കും ധാരണാപത്രങ്ങൾക്കും യോഗത്തിൽ അംഗീകാരമായി.

ആദ്യത്തെ സംയുക്ത സൗദി-ഈജിപ്ഷ്യൻ ഉപഗ്രഹം രൂപകൽപ്പന ചെയ്യുന്നതിനും നിർമിക്കുന്നതിനുമുള്ള സംരംഭം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. കൂടാതെ, ഊർജ്ജ മേഖലയിലെ സഹകരണത്തിനായി സൗദി ഊർജ്ജ മന്ത്രാലയവും ജർമ്മൻ ഫെഡറൽ സാമ്പത്തിക കാര്യ-ഊർജ്ജ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിനും മന്ത്രിസഭ അനുമതി നൽകി.

തൊഴിൽ നിയമന മേഖലയിൽ നേപ്പാൾ, നൈജീരിയ എന്നീ രാജ്യങ്ങളുമായി ഒപ്പുവെച്ച രണ്ട് കരാറുകൾക്കും വിദ്യാഭ്യാസ-പരിശീലന മേഖലയിൽ സൗദിയും അമേരിക്കൻ സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിനും യോഗം അംഗീകാരം നൽകിയിട്ടുണ്ട്. മേഖലാതലത്തിലും ആഗോളതലത്തിലും സുരക്ഷയും സ്ഥിരതയും സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ സൗദി അറേബ്യക്കുള്ള ഉറച്ച പ്രതിബദ്ധത മന്ത്രിസഭ ആവർത്തിച്ചു വ്യക്തമാക്കി.

മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിലും ലോകമെമ്പാടുമുള്ള ദുരിതബാധിതർക്കും ആവശ്യക്കാർക്കും സഹായം എത്തിക്കുന്നതിലും രാജ്യം അചഞ്ചലമായി മുന്നോട്ട് പോകുമെന്നും യോഗം അടിവരയിട്ടു പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങളും യോഗം വിശദമായി അവലോകനം ചെയ്തു.

ആഗോള സൈബർ സുരക്ഷാ സൂചികയിൽ തുടർച്ചയായ മൂന്നാം വർഷവും സൗദി അറേബ്യ ഒന്നാം സ്ഥാനം നിലനിർത്തിയത് ഈ സുപ്രധാന മേഖലയിൽ രാജ്യം കൈവരിച്ച നേതൃപാടവത്തി​െൻറ തെളിവാണെന്ന് മന്ത്രിസഭ വിലയിരുത്തി. ഒപ്പം, രാജ്യത്തെ ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെ മികച്ച നേട്ടങ്ങളെയും മന്ത്രിസഭ യോഗത്തിൽ പ്രത്യേകം പ്രശംസിച്ചു.

Tags:    
News Summary - Saudi Cabinet approves conditions for real estate ownership for foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.