പ്രതീകാത്മക ചിത്രം
റിയാദ്: സൗദിയിലെ ഏഴ് നഗരങ്ങളിൽ ദേശീയ വാസ്തുവിദ്യാ രൂപകൽപ്പന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ദമ്മാം, അൽഖോബാർ, ഖത്വീഫ്, ഹാഇൽ, അൽബഹ, മദീന, നജ്‌റാൻ എന്നീ ഏഴ് നഗരങ്ങളിലെ പ്രധാന സർക്കാർ പദ്ധതികളിലും വാണിജ്യ കെട്ടിടങ്ങളിലുമാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടം അബ്ഹ, ത്വാഇഫ്, അൽഅഹ്‌സ എന്നിവിടങ്ങളിൽ നേരത്തെ ആരംഭിച്ചിരുന്നു. സൗദി വാസ്തുവിദ്യ മാർഗനിർദേശങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി ചെയർമാനും കിരീടാവകാശിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശത്തെ തുടർന്ന് ‘സൗദി ആർക്കിടെക്ചർ മാപ്പ്’ കഴിഞ്ഞ മാർച്ചിൽ ആരംഭിച്ചതിന്റെ ഭാഗമാണ് ഈ സംരംഭം.
സൗദിയിലെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സവിശേഷതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 19 വാസ്തുവിദ്യാ രൂപകൽപ്പന ഇതിലുണ്ട്. ദേശീയ വാസ്തുവിദ്യാ ഐഡന്റിറ്റി ശക്തിപ്പെടുത്തുക, ജീവിത നിലവാരം ഉയർത്തുക, നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. വികസന അതോറിറ്റികൾ, ബന്ധപ്പെട്ട ഓഫീസുകൾ, പ്രാദേശിക മുനിസിപ്പാലിറ്റികൾ എന്നിവയുടെ കീഴിൽ പ്രത്യേക ഡിസൈൻ സ്റ്റുഡിയോകൾ ഇതിന് സ്ഥാപിച്ചിട്ടുണ്ട്. ഡിസൈൻ പ്രക്രിയകളെ നയിക്കുന്നതിലും ദേശീയ ദർശനവുമായി പൊരുത്തപ്പെടുത്തൽ ഉറപ്പാക്കുന്നതിലും ഈ സ്റ്റുഡിയോകൾ പ്രധാന പങ്ക് വഹിക്കുന്നു.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത കെട്ടിട മാതൃകകളെ പ്രതിഫലിപ്പിക്കുന്ന നഗര, ചരിത്ര പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദി വാസ്തുവിദ്യാ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 19 രൂപകൽപന നിർവചിച്ചിരിക്കുന്നത്. നജ്ദി, വടക്കൻ നജ്ദി, തബൂക്ക് തീരം, മദീന, മദീന ഗ്രാമപ്രദേശം, തീരദേശ ഹിജാസി, താഇഫ്, സരാവത്ത് പർവതനിരകൾ, അസീർ ഉയർന്ന പ്രദേശങ്ങൾ, തിഹാമ താഴ്‌വരകൾ, തിഹാമ തീരം, അബ്ഹ ഉയർന്ന പ്രദേശങ്ങൾ, ഫറാസാൻ ദ്വീപുകൾ, ബീഷ മരുഭൂമി, നജ്‌റാൻ, അൽഅഹ്‌സ ഒയാസിസ്, ഖത്വീഫ്, കിഴക്കൻ തീരം, കിഴക്കൻ നജ്‌ദി എന്നിവ അവയിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.