യാംബു: പതിനാറാമത് യാംബു പുഷ്പമേളയിലെ സന്ദർശകർക്ക് പുത്തൻ അനുഭവമായി ഹൈഡ്രജൻ ബസ് സർവീസ്. മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് അത്യാധുനികമായ ഈ ഇന്ധന സെൽ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. ഹൈഡ്രജൻ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ച് പ്രവർത്തിക്കുന്ന ഈ ബസ്, പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള സൗദിയുടെ സുപ്രധാന ചുവടുവെപ്പായി മാറി.
സന്ദർശകർക്കും പ്രാദേശിക സമൂഹത്തിനും സുസ്ഥിര ഊർജ്ജ സംവിധാനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി യാംബു റോയൽ കമീഷൻ അതോറിറ്റിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഗതാഗത മേഖലയിൽ 'സർക്കുലർ കാർബൺ ഇക്കണോമി' സംരംഭങ്ങളും സുസ്ഥിരതാ പരിപാടികളും പ്രോത്സാഹിപ്പിക്കുകയാണ് ഇതിെൻറ പ്രധാന ലക്ഷ്യം. വളരെ വേഗത്തിലുള്ള റീഫില്ലിംഗ്, മികച്ച ഇന്ധനക്ഷമത, ശബ്ദമലിനീകരണമില്ലാത്ത പ്രവർത്തനം എന്നിവ ഈ അത്യാധുനിക വാഹനത്തിെൻറ സവിശേഷതകളാണ്.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ മുൻനിർത്തി കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനും വായുവിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് യാംബു റോയൽ കമീഷൻ സി.ഇ.ഒ അബ്ദുൽഹാദി ബിൻ അബ്ദുൽ റഹ്മാൻ അൽ ജുഹ്‌നി പറഞ്ഞു. ശുദ്ധമായ ഊർജ്ജം അടിസ്ഥാനമാക്കിയുള്ള ഗതാഗത സംവിധാനങ്ങൾ പ്രായോഗികമാക്കുന്നതിെൻറ പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ സർവീസ് നടത്തുന്നത്.
യാംബു റോയൽ കമീഷെൻറ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുഷ്പമേള നഗരിയിലേക്ക് നിലവിൽ സർവീസുകൾ ലഭ്യമാണ്. പരിസ്ഥിതി സംരക്ഷണ സംസ്കാരം പ്രചരിപ്പിക്കുന്നതിെൻറ ഭാഗമായി സന്ദർശകർക്ക് സൗജന്യമായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്. കാണികൾക്ക് പുത്തൻ കാഴ്ചകളും അറിവും സമ്മാനിക്കുന്ന യാംബു പുഷ്പമേള ഏപ്രിൽ 23-ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.