ഹറമുകളിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കുമുള്ള കെയർ സെൻറർ

ഇരുഹറമുകളിലെത്തുന്ന തീർഥാടകർക്കായി 21 സേവന കേന്ദ്രങ്ങൾ സജ്ജമാക്കി

മക്ക: മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും മികച്ച സേവനങ്ങളും സുരക്ഷിതമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി 21 സേവന കേന്ദ്രങ്ങൾ സജ്ജമാക്കിയതായി ഇരുഹറം കാര്യ ജനറൽ അതോറിറ്റി അറിയിച്ചു. തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ആരാധനാ കർമങ്ങൾ നിർവഹിക്കാൻ സഹായിക്കുന്നതിനായുള്ള ഈ കേന്ദ്രങ്ങൾ വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

ഹറമി​െൻറ വിവിധ ഭാഗങ്ങളിലായി രണ്ട്​ പ്രധാന കേന്ദ്രങ്ങളും 19 ഉപകേന്ദ്രങ്ങളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സേവനങ്ങളുടെ ഏകോപനവും തീർഥാടകരുടെ ആവശ്യങ്ങളോടുള്ള വേഗത്തിലുള്ള പ്രതികരണവും ഉറപ്പാക്കുന്ന ഒരു ഏകീകൃത പ്രവർത്തന സംവിധാനത്തിന് കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.

ഹറമിലെത്തുന്നവർക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനും അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ഭരണകൂടം നൽകുന്ന പ്രത്യേക പരിഗണനയാണ് ഈ വിപുലമായ സംവിധാനത്തിലൂടെ വ്യക്തമാകുന്നത്.

വഴികാട്ടലും ബോധവത്കരണവും, സംശയങ്ങൾക്ക് വിവിധ ഭാഷകളിൽ മറുപടി നൽകൽ, നഷ്​ടപ്പെട്ട വസ്തുക്കളെക്കുറിച്ചുള്ള പരാതികൾ സ്വീകരിച്ച് വേഗത്തിൽ ഉടമസ്ഥർക്ക് തിരികെ നൽകൽ, ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയ വിപുലമായ സേവനങ്ങളാണ് ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നത്.

കൂടാതെ, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഹറമിനുള്ളിൽ സുഗമമായി സഞ്ചരിക്കാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും ആവശ്യമായ സഹായങ്ങൾ ഇവിടെ നൽകുന്നുണ്ട്. വഴിതെറ്റുന്നവരെ സുരക്ഷിതമായി സംരക്ഷിക്കുകയും ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിക്കുന്നത് വരെ ആവശ്യമായ പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നത് ഈ കേന്ദ്രങ്ങളുടെ പ്രധാന ചുമതലയാണ്.

തീർഥാടകർക്ക് തങ്ങൾക്ക് ഏറ്റവും അടുത്തുള്ള സേവന കേന്ദ്രത്തി​െൻറ ലൊക്കേഷൻ എളുപ്പത്തിൽ കണ്ടെത്താനായി അതോറിറ്റി പ്രത്യേക ക്യുആർ കോഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുഹറമുകളിലെത്തുന്നവർക്ക് സമാധാനപരമായ ആരാധനാ അന്തരീക്ഷം ഒരുക്കുന്നതിനായി മുഴുസമയം പ്രവർത്തിക്കുന്ന ഫീൽഡ് സംവിധാനത്തി​െൻറ ഭാഗമായാണ് ഈ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.

ആതിഥ്യമര്യാദ ശക്തിപ്പെടുത്തുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

Tags:    
News Summary - 21 service centers set up for pilgrims visiting the Iruharam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.