ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ സൈഫുദ്ധീൻ വാഴയിലിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തപ്പോൾ

ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് നിയമനം വിവാദത്തിൽ; പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് ഒരു വിഭാഗം

ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് നിയമനത്തെച്ചൊല്ലി സംഘടനയിൽ വൻ വിവാദം. ആരോഗ്യപരമായ കാരണങ്ങളാൽ മുൻ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് നാട്ടിലേക്ക് മടങ്ങിയതിനെത്തുടർന്നാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ നടപടിയാരംഭിച്ചത്. കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ഫിറോസ് പോരൂരിനെ നിയമിച്ചുകൊണ്ട് കെ.പി.സി.സി നേതൃത്വം കഴിഞ്ഞ ദിവസം ഔദ്യോഗികമായി കത്ത് പുറത്തുവിട്ടിരുന്നു.

എന്നാൽ ജിദ്ദ റീജിയനൽ കമ്മിറ്റിയുടെ നിർദേശപ്രകാരം ആഗസ്റ്റ് 28-ന് ചേർന്ന ജില്ലാ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായത്തോടെ സൈഫുദ്ധീൻ വാഴയിലിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും വിവരം ഔദ്യോഗികമായി മേൽക്കമ്മിറ്റികളെ അറിയിക്കുകയും ചെയ്തിരുന്നതായാണ്‌ മറ്റു ഭാരവാഹികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിന്റെ അവകാശവാദം.

എക്സിക്യൂട്ടീവ് യോഗത്തിൽ 53 ൽ 35 അംഗങ്ങളും പങ്കെടുത്തിരുന്നതായും ഇവരുടെ മുഴുവൻ പേരുടെയും പിന്തുണയോടെയാണ് സൈഫുദ്ധീൻ വാഴയിലിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും ഈ തീരുമാനവും സംഘടനാ നടപടിക്രമങ്ങളും നിലനിൽക്കെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരത്തെയും ജനാധിപത്യപരമായ തീരുമാനത്തെയും ചോദ്യം ചെയ്‌തുകൊണ്ട് കെ.പി.സി.സിയുടെ 'നൂലിൽ കെട്ടിയിറക്കൽ' പ്രസിഡന്റ് നിയമനം എന്നും ഇവർ കുറ്റപ്പെടുത്തി.

നിലവിൽ ഒ.ഐ.സി.സിയുടെ സംഘടനാ ചുമതലയില്ലാത്ത ഒന്നോ രണ്ടോ ജനറൽ സെക്രട്ടറിമാരെ ചിലർ സ്വാധീനിച്ച് എടുത്ത തീരുമാനമാണതെന്നും കെ.പി.സി.സി നേതൃത്വത്തിന്റെ പൂർണ അറിവോടെയല്ല ദീർഘകാലമായി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത വ്യക്തിയെ പ്രസിഡന്റായി അടിച്ചേൽപ്പിച്ചതെന്നും ഇതിനെതിരെ പ്രവർത്തകർക്കിടയിൽ വലിയ അമർഷമുണ്ടെന്നും ഇവർ പറഞ്ഞു.

ഇല്ലാത്ത അധികാരം ഉപയോഗിച്ച് എക്സിക്യൂട്ടീവ് തീരുമാനത്തെ മറികടന്ന വിഷയം കെ.പി.സി.സി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംഘടനാ ഭരണഘടനയും കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് ജനാധിപത്യപരമായ തീരുമാനം സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഭാരവാഹികൾ അറിയിച്ചു.

ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയിലുണ്ടായ ഗ്രൂപ്പ് തർക്കം മൂലം ഒരേസമയം രണ്ട് പ്രസിഡന്റുമാര്‍ വന്നത് ജിദ്ദയിലെ ഒ.ഐ.സി.സി പ്രവർത്തകർക്കിടയിൽ കടുത്ത ചേരിതിരിവിനാണ് കാരണമായിരിക്കുന്നത്. പ്രശ്നം രൂക്ഷമാവാതിരിക്കാൻ മേല്‍ക്കമ്മിറ്റികളും കെ.പി.സി.സി നേതൃത്വവും വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

Tags:    
News Summary - Appointment of OICC Jeddah Malappuram District President sparks controversy; one faction selects a new president.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.