നേപ്പാളിൽ നടന്ന മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിങ്ങിൽ സ്വർണം നേടിയ സാബിൽ അലി
സൗത്ത് ഏഷ്യ ഓപൺ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിങ്: ജുബൈൽ പ്രവാസി സാബിൽ അലിക്ക് സ്വർണം
ജുബൈൽ: നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യ ഓപൺ മാസ്റ്റേഴ്സ് ഗെയിംസ് വെയിറ്റ് ലിഫ്റ്റിങ്ങിൽ തകർപ്പൻ ജയത്തോടെ കോഴിക്കോട് സ്വദേശിയായ ജുബൈൽ പ്രവാസി സാബിൽ അലിക്ക് സ്വർണമെഡൽ. 45 വയസ്സിന് മുകളിലുള്ളവരുടെ 85 കിലോ ബോഡി വെയ്റ്റ് വിഭാഗത്തിലാണ് അദ്ദേഹം ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്.
ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ അണിനിരന്ന ശക്തമായ മത്സരത്തിലായിരുന്നു സാബിലിെൻറ പ്രകടനം. സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് എന്നീ രണ്ട് ഘട്ടങ്ങളിലുമായി ആകെ 175 കിലോഗ്രാം ഭാരം ഉയർത്തിയാണ് സാബിൽ അലി ഒന്നാം സ്ഥാനവും സ്വർണ മെഡലും കരസ്ഥമാക്കിയത്.
2025-ൽ അരുണാചൽ പ്രദേശിൽ നടന്ന മത്സരങ്ങളിലെ പങ്കാളിത്തവും അനുഭവസമ്പത്തുമാണ് 2026-ലെ മാസ്റ്റേഴ്സ് ഗെയിംസിൽ ഈ ചരിത്രവിജയം കുറിക്കാൻ അദ്ദേഹത്തിന് കരുത്തായത്. കോഴിക്കോട് വെസ്റ്റ് മങ്കാവ് മനാരി ‘നിഹാൽ മൻസിലി’ൽ സാബിൽ അലി, കഴിഞ്ഞ 18 വർഷത്തിലേറെയായി ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ നോൺ ഡിസ്ട്രക്ടീവ് ഇൻസ്‌പെക്ഷൻ മേഖലയിൽ ജോലി ചെയ്തുവരികയാണ്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഫിറ്റ്നസ് വർധിപ്പിക്കുന്നതിനായി ജിമ്മിൽ ചേർന്നതാണ് ഭാരോദ്വഹനത്തോടുള്ള താല്പര്യത്തിന് തുടക്കമിട്ടത്. തുടർന്ന് പ്രീഡിഗ്രി പഠനകാലത്ത് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. 1998-ൽ ജില്ലാതല മത്സരത്തിൽ പങ്കെടുത്തുകൊണ്ട് കായികരംഗത്തേക്ക് എത്തിയ സാബിൽ, 1999-ൽ കോഴിക്കോട്ടെ ‘ജൂനിയർ ബെസ്റ്റ് ലിഫ്റ്റർ’ പദവിയും 2000-ൽ സംസ്ഥാന തലത്തിൽ വെള്ളി മെഡലും നേടി.
തുടർന്ന് കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച് ബെസ്റ്റ് ലിഫ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2002-ൽ വിശാഖപട്ടണത്ത് നടന്ന നാഷനൽ ഗെയിംസിലും പങ്കെടുത്തു. പിന്നീട് പ്രവാസത്തിലേക്ക് കടന്നതോടെ മത്സരരംഗത്തുനിന്ന് താൽക്കാലികമായി വിട്ടുനിന്നെങ്കിലും, വാരാണസിയിലും ഗോവയിലും നടന്ന മാസ്റ്റേഴ്സ് മത്സരങ്ങളിലൂടെ വീണ്ടും സജീവമായി.
ഗോവയിൽ നടന്ന ആറാം ദേശീയ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 150 കിലോ വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയിരുന്നു. ചിട്ടയായ പരിശീലനവും നിശ്ചയദാർഢ്യവുമാണ് തന്നെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്നും, കോഴിക്കോട് തെക്കേപ്പുറം ജുബൈൽ കൂട്ടായ്മയുടെയും കുടുംബത്തിെൻറയും പൂർണ പിന്തുണ തനിക്കുണ്ടെന്നും സാബിൽ അലി പറഞ്ഞു. ജലീസയാണ് ഭാര്യ. നായിഫ് റസ്താൻ, ലിവ്യ ബിൻത് സാബിൽ, റിൻസിൻ ബിൻ സാബിൽ, സിയാഫ് ഇബ്ൻ സാബിൽ, ലിയ്യ ബിൻ സാബിൽ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.