സൗദി ഹൗസ് ഡ്രൈവർ വിസ: ഇന്ത്യയിൽ ഇന്നു മുതൽ സ്കിൽ ടെസ്റ്റ് നിർബന്ധം; കേരളത്തിൽ പരീക്ഷാകേന്ദ്രം കൊച്ചിയിൽ
റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ വിസയിൽ വരുന്നവർക്ക് ഇന്ത്യയിൽ തിങ്കളാഴ്ച (ഇന്ന്) മുതൽ സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം’ വഴിയാണ് പരീക്ഷ നടത്തുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു.
അതേസമയം, മറ്റു ഗാർഹിക വിസകൾക്ക് നിലവിൽ സ്കിൽ ടെസ്റ്റ് നിർബന്ധമില്ല. മുംബൈ സൗദി കോണ്‍സുലേറ്റും സൗദി എംബസിയും നേരത്തെ തന്നെ ടെസ്റ്റ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സൂചന നൽകിയിരുന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. എന്നാൽ, സൗദി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻറ് പ്ലാറ്റ്‌ഫോമായ ‘മുസാനിദി’ൽ സ്കിൽ ടെസ്റ്റ് ഓപ്ഷൻ അപ്‌ഡേറ്റ് ചെയ്തതോടെ ഇനിമുതൽ പരീക്ഷ വിജയിക്കാതെ ഹൗസ് ഡ്രൈവർ വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കില്ല.
തിയറിയും പ്രാക്ടിക്കലും അടങ്ങുന്നതാണ് സ്കിൽ ടെസ്റ്റ്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ വിസ സ്റ്റാമ്പിങ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കാനാവൂ. നിലവിൽ കേരളത്തിൽ കൊച്ചിയിലാണ് പരീക്ഷാകേന്ദ്രമുള്ളത്. ഇതിനുപുറമേ ബംഗളൂരു, മുംബൈ, മധുരൈ, ലഖ്നൗ, ഗാസിയാബാദ്, അജ്മീർ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും കേന്ദ്രങ്ങളുണ്ട്. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ അംഗീകാരത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്.
സ്കിൽ ടെസ്റ്റ് പ്രോഗ്രാമിെൻറ ഔദ്യോഗിക വെബ്‌സൈറ്റിൽ പാസ്‌പോർട്ട് വിവരങ്ങൾ നൽകി മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്തശേഷമാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. മൂന്നു വർഷം മുമ്പ് ലേബർ കാറ്റഗറിയിലുള്ള വിസകൾക്കാണ് സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നതെങ്കിൽ, നിലവിൽ ലോഡിങ്-അൺലോഡിങ് വിസകൾ ഉൾപ്പെടെയുള്ള മുഴുവൻ ലേബർ വിസകൾക്കും ഇത് ബാധകമാണ്. 2030-ഓടെ സൗദിയിലെ തൊഴിൽ മേഖല സമ്പൂർണമായി പരിഷ്കരിക്കുന്നതിെൻറ ഭാഗമായാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.