നവോദയ ഭാരവാഹികൾ ദമ്മാമിൽ വാർത്താസമ്മേളനത്തിൽ
ദമ്മാം/പാലക്കാട്: അന്തരിച്ച മുൻ കേരള ആഭ്യന്തര മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണെൻറ പേരിൽ ദമ്മാം നവോദയ, കേരളത്തിലെ സാമൂഹിക രംഗത്ത് വിവിധ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി നൽകുന്ന സമഗ്ര സംഭാവന അവാർഡ് വിതരണം ഞായറാഴ്ച നടക്കും.
പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം പിഷാരടീസ് ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകർ ദമ്മാമിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം നൽകുന്ന നാലാമത് നവോദയ കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡ് കാർഷിക രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകാനാണ് നവോദയ തീരുമാനിച്ചത്.
ഡോ. ജിജു പി. അലക്സ് ചെയർമാനായ ജൂറി കമ്മിറ്റിക്ക് ലഭിച്ച അപേക്ഷകളിൽനിന്ന് മികച്ച കർഷകനായി പാലക്കാട് എലവഞ്ചേരി കരിംകുളം ഹൗസിൽ എസ്. ഷാബുമോൻ തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് മികച്ച കർഷകനുള്ള അവാർഡ്.
മികച്ച കർഷക കൂട്ടായ്മയ്ക്കുള്ള പുരസ്കാരത്തിന് കണ്ണൂർ പിണറായി ഗ്രാമപഞ്ചയത്ത് കൂടംപൊച്ചിലിൽ പ്രവാസി - തളിർ കൃഷികൂട്ടവും, മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരത്തിന് ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തും അർഹരായി. കൂടാതെ പാലക്കാട് ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ ‘നിറ’ സമഗ്ര കാർഷിക വികസന പദ്ധതി പ്രത്യേക ജൂറി പുരസ്കാരത്തിനും അർഹത നേടി.
ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന അവാർഡ് വിതരണ ചടങ്ങ് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അവാർഡ് വിതരണം നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ ഇ.എൻ. സുരേഷ് ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്, എം.എൽ.എമാരായ അഡ്വ. കെ. പ്രേംകുമാർ, പി. മമ്മിക്കുട്ടി, കേരള പ്രവാസി സംഘം സെക്രട്ടറി കെ. സെയ്താലികുട്ടി, ട്രഷറർ തൈക്കാട് സജീവ്, നോർക്ക മുൻ ഡയറക്ടർ മൂസ മാസ്റ്റർ, നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര എന്നിവർ സംബന്ധിക്കും.
അവാർഡ് വിതരണ ചടങ്ങിനോടനുബന്ധിച്ച് രാവിലെ 9.30-ന് സൗദിയിൽ പ്രവാസികളായിരുന്ന മുൻ നവോദയ അംഗങ്ങളും നിലവിൽ പ്രവാസികളായ നവോദയ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന കുടുംബസംഗമവും നടക്കും. പ്രഭാഷകൻ കെ. ജയദേവൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഷൊർണൂർ ‘റൂട്ട്സ് തിയേറ്റർ മ്യൂസിക് എൻസെംബിൾ’ അവതരിപ്പിക്കുന്ന നാടക ഗാനങ്ങളും അരങ്ങേറും.
ദമ്മാമിൽ നടന്ന വാർത്താ സമ്മേളനത്തിൽ നവോദയ രക്ഷാധികാരി സമിതി അംഗം പവനൻ മൂലക്കൽ, ആക്ടിങ് സെക്രട്ടറി വിദ്യാധരൻ കോയാടൻ, ജോയിൻറ് സെക്രട്ടറി നൗഫൽ വെളിയംകോട്, വൈസ് പ്രസിഡൻറ് ജയൻ മെഴുവേലി, കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടീവ് സുജ ജയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.