അൽ ഖോബാർ: അറേബ്യൻ ഉപദ്വീപിലെ ജ്യോതി ശാസ്ത്രത്തിന്റെയും നക്ഷത്ര നിരീക്ഷണത്തിന്റെയും തുടക്കക്കാരൻ 'മരുഭൂമിയിലെ ജ്യോതിശാസ്ത്രജ്ഞൻ' എന്ന് വിളിപ്പേരുള്ള മാൽഫി ബിൻ ഷരാൻ അൽഹർബി (96) അന്തരിച്ചു. അബു ഷരാൻ എന്നറിയപ്പെടുന്ന അദ്ദേഹം ഗോത്രവർഗ്ഗങ്ങളുടെ ജ്യോതിശാസ്ത്രത്തിലും വാനനീരീക്ഷണത്തിലുമുള്ള അസാമാന്യ അറിവുകളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചയാളാണ്.
ജീവിതകാലം മുഴുവൻ തന്റെ പരീക്ഷണ നിരീക്ഷണങ്ങളും പഠനങ്ങളുംകണ്ടുപിടിത്തവുമായി മരുഭൂമിയിൽ തന്നെ അദ്ദേഹം ജീവിച്ചു മരിച്ചു.
1929-ൽ ഹായിലിലെ കുഗ്രാമത്തിലായിരുന്നു അബു ഷരാന്റെ ജനനം. ആടുകളുടെ കൂട്ടത്താൽ ചുറ്റപ്പെട്ട ജീവിത വഴിയിൽ , ആകാശത്തിന്റെ രഹസ്യങ്ങൾക്കൊപ്പം നക്ഷത്രങ്ങളുടെ പ്രതിഭാസങ്ങളെയും കാലാവസ്ഥയുടെ വ്യത്യാസങ്ങളെയും മനസ്സിലാക്കാനുള്ള ഒരു ത്വര അദ്ദേഹത്തിന്റെ ഒപ്പം വളർന്നു. അദ്ദേഹം കണ്ടെത്തിയ നക്ഷത്രങ്ങളുടെ ചലനങ്ങൾ, കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവ ഗോത്രവർഗങ്ങൾക്കിടയിലും നഗരവാസികളും പ്രചാരിക്കപ്പെട്ടു. ‘ആകാശത്തിന്റെയും ഭൂമിയുടെ അതിർത്തികളിൽ നിന്നുള്ള അറിവുകൾ’എന്ന ആശയത്തോടൊപ്പം അദ്ദേഹത്തിന്റെ പഠനങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചു. ജ്യോതിശാസ്ത്ര രംഗത്ത് പ്രത്യേകിച്ച് കാലാവസ്ഥയെതിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ മികവുറ്റതായിരുന്നു. മഴ, ചൂട്, തണുപ്പ് എന്നിവയെ ബന്ധിപ്പിക്കുന്നതും, ഉദയവും അസ്തമയവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം സൃഷ്ടിച്ച അറിവുകൾ ഗവേഷകർക്ക് വലിയ സഹായമായി.
ഒരു നൂറ്റാണ്ടിനടുത്തുള്ള ജീവിതകാലയളവിൽ ഉടനീളം ആകാശഗോളങ്ങളെ നിരീക്ഷിക്കുന്നതിലും അവയുടെപ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിനും അബു ഷരാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായിആർജ്ജിച്ച അറിവുകൾ ജി.സി.സിയിലെങ്ങും ശ്രദ്ധേയമാണ്.
മഴ, ചൂട്, തണുപ്പ് എന്നിവയുടെ അവസ്ഥകളുമായി ഉദയ അസ്തമയ ഋതുക്കളെബന്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിപുലമായ അറിവ് വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സൗദിയിലെ യിലെ ആധുനികവാനനീരിക്ഷണ രംഗത്തെ പ്രമൂഖരായ പ്രശസ്ത ജ്യോതിശാസ്ത്രവിദഗ്ദ്ധരും അബു ഷരാനെ സന്ദർശിച്ച് ജ്യോതിശാസ്ത്രത്തെക്കുറിച്ചും നക്ഷത്രങ്ങളേക്കുറിച്ചും വിശാലമായ അറിവുള്ള അദ്ദേഹത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.