ഇസ്താംബൂളിൽ ചേർന്ന സൗദി, ഈജിപ്ത്, തുർക്കിയ, പാകിസ്താൻ രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെയോഗം

ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി, ഈജിപ്ത്, തുർക്കിയ, പാകിസ്താൻ കൂട്ടായ്മ

റിയാദ്: സൗദി അറേബ്യക്കും കപ്പലുകൾക്കും നേരെ ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ സൗദി അറേബ്യ, ഈജിപ്ത്, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ കടുത്ത ഭാഷയിൽ അപലപിച്ചു. സംഘർഷം രൂക്ഷമാകുന്നത് മേഖലയുടെ സുരക്ഷയെയും സമുദ്ര ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.

കപ്പൽ ഗതാഗതത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതിന്റെ അത്യന്താപേക്ഷിതമായ പ്രാധാന്യം ചൂണ്ടിക്കാട്ടി. തുർക്കിയയിലെ ഇസ്താംബൂളിൽ ചേർന്ന സൗദി, ഈജിപ്ത്, തുർക്കിയ, പാകിസ്താൻ എന്നീ നാല് ​ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗത്തിനൊടുവിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

കപ്പലുകളുടെ നീക്കത്തിന് തടസ്സം സൃഷ്ടിക്കുന്ന ഏത് തരത്തിലുള്ള നടപടികളെയും നിയന്ത്രണങ്ങളെയും യോഗം തള്ളിക്കളഞ്ഞു. യു.എസ്-ഇസ്രായേൽ, ഇറാൻ എന്നിവർ തമ്മിലുള്ള സംഘർഷം പരിഹരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം നാല് രാജ്യങ്ങളും ആവർത്തിച്ചു. മാനുഷിക ദുരിതങ്ങൾ വർധിപ്പിച്ച ഹൂതി മിലിഷ്യകളുടെ ആക്രമണങ്ങൾ അംഗീകരിക്കാനാകാത്തതാണ്.

സൗദി അറേബ്യയോടും യമൻ സർക്കാരുമായും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച മന്ത്രിമാർ, സൈനിക നടപടികളും ഭീഷണികളും ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കാനും നന്മനസ്സോടെ രാഷ്ട്രീയ പ്രക്രിയയിലേക്ക് മടങ്ങിവരാനും ഹൂതി മിലിഷ്യകളോട് ആഹ്വാനം ചെയ്തു.

ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാപാരത്തിനും സമ്പദ്‌വ്യവസ്ഥക്കും ഈ സമുദ്രപാതകൾക്കുള്ള സുപ്രധാന പ്രാധാന്യം കണക്കിലെടുക്കുമ്പോൾ കപ്പൽ സഞ്ചാരത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതിനെ തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തള്ളിക്കളയേണ്ടതിൻ്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി.

ഇവ തടസ്സപ്പെടുത്തുന്നത് എല്ലാവരുടെയും സുരക്ഷയെയും അഭിവൃദ്ധിയെയും ബാധിക്കുമെന്ന് പ്രസ്താവന ആവർത്തിച്ചു. മേഖലയിലെ അസ്ഥിരതക്ക് പ്രധാന കാരണം ഇസ്രായേൽ അധിനിവേശമാണെന്ന് സംയുക്ത പ്രസ്താവന വിലയിരുത്തി. യു.എൻ പ്രമേയങ്ങൾക്ക് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം എത്രയും വേഗത്തിൽ നടപ്പിലാക്കാൻ സൗദി അറേബ്യ, ഈജിപ്ത്, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ആഹ്വാനം ചെയ്തു.

1967 ജൂൺ 4-ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും സ്വയം നിർണയാവകാശത്തിനും ഫലസ്തീൻ ജനതക്കുള്ള അവകാശങ്ങൾക്ക് അവർ പൂർണ പിന്തുണ ആവർത്തിച്ചു. തുടർച്ചയായ ഇസ്രായേലിന്റെ അക്രമങ്ങൾ ഉടനടി നിർത്തിവെക്കാനും ജറുസലേമിന്റെ നിയമപരവും ചരിത്രപരവുമായ സ്ഥിതി മാറ്റാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീനിലെ കൂടുതൽ നാശനഷ്ടങ്ങൾക്കും മാനുഷിക ദുരന്തങ്ങൾക്കും അന്ത്യം കുറിക്കാനും മന്ത്രിമാർ ആഹ്വാനം ചെയ്തു.

വെസ്റ്റ് ബാങ്കിലും ജറുസലേമിലും മുമ്പും ഇപ്പോഴും നടക്കുന്ന കുടിയേറ്റ പ്രവർത്തനങ്ങളെയും ഫലസ്തീൻ ജനതക്ക് നേരെയുള്ള കുടിയേറ്റക്കാരുടെ അക്രമങ്ങളെയും അവർ ശക്തമായി അപലപിച്ചു. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ തടസ്സമില്ലാത്ത വിതരണവും പുനർനിർമാണവും ഉറപ്പുവരുത്തേണ്ടതിന്റെ അടിയന്തര പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Saudi, Egypt, Turkey, and Pakistan Strongly Condemn Houthi Attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.