ഹാഇലിൽ വിളവെടുത്ത വെളുത്ത സ്ട്രോബറി പഴങ്ങൾ
ഹാഇൽ: സൗദി അറേബ്യയുടെ കാർഷിക ഭൂപടത്തിൽ പുതിയ ചരിത്രമെഴുതി അപൂർവയിനം വെളുത്ത സ്ട്രോബെറികൾ വിളഞ്ഞു. ഹാഇൽ മേഖലയിലെ കർഷകർ വിജയകരമായി ഉൽപാദിപ്പിച്ച ഈ വെളുത്ത സ്ട്രോബെറികൾ, രാജ്യത്തെ കാർഷിക വൈവിധ്യവത്കരണത്തിന് പുതിയ കരുത്തേകുകയാണ്. അമേരിക്കക്കും ജപ്പാനും ശേഷം ഈ സവിശേഷ ഇനം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇതോടെ സൗദി അറേബ്യ മാറി.
ലോകത്ത് തന്നെ വിരളമായി മാത്രം കാണപ്പെടുന്ന വെളുത്ത സ്ട്രോബെറികൾ അവയുടെ വ്യത്യസ്തമായ രുചികൊണ്ടും ഉയർന്ന വിപണന മൂല്യം കൊണ്ടും ശ്രദ്ധേയമാണ്. സങ്കരയിനമാണ് ഇത്. ചുവന്ന സ്ട്രോബെറിയിലെ പെൺപൂവും ആൺ പൈനാപ്പിൾ പൂവും തമ്മിൽ കൃത്രിമ പരാഗണം നടത്തിയാണ് ഈ സവിശേഷ ഇനം വികസിപ്പിച്ചെടുത്തത്.
പൂവിടുന്നത് മുതൽ വിളവെടുപ്പ് വരെ ഏകദേശം 30 ദിവസമാണ് ഇത് മൂത്ത് പഴുക്കാനെടുക്കുന്ന കാലയളവ്. അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയുമായി സഹകരിച്ചുണ്ടാക്കിയ പ്രത്യേക കരാറിന് കീഴിലാണ് ഹാഇലിൽ ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിച്ചത്. ആധുനിക ജലസേചന രീതികളും നൂതന കൃഷി സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തി.
ഹാഇൽ സ്ട്രോബെറി ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രവിശ്യ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് വെളുത്ത സ്ട്രോബെറിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹാഇൽ സ്ട്രോബെറി ഗാർഡന്റെ ഏഴാം സീസണിന്റെ ഭാഗമായി ഒരുക്കിയ പ്രദർശനവും അദ്ദേഹം സന്ദർശിച്ചു. ചടങ്ങിൽ പ്രമുഖ അമീറുമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഹാഇൽ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് സ്ട്രോബെറി ഗാർഡൻ സന്ദർശിക്കുന്നു
ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും ഉയർന്ന പോഷകഗുണമുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുമുള്ള സൗദിയുടെ കാർഷിക മേഖലയുടെ കരുത്താണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ഹാഇലിലെ അനുയോജ്യമായ കാലാവസ്ഥയും പ്രകൃതിവിഭവങ്ങളും പ്രാദേശിക കർഷകരുടെ വൈദഗ്ധ്യവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. കാർഷിക മേഖലയിലെ ഈ കുതിച്ചുചാട്ടം വരുംവർഷങ്ങളിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.