റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സുരക്ഷയും പരമാധികാരവും ലക്ഷ്യമിട്ടുള്ള ശത്രുതാപരമായ നീക്കങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വീണ്ടും കരുത്തറിയിച്ചു. അൽഖർജ് ഗവർണറേറ്റിന് കിഴക്ക് ഭാഗത്തായി എത്തിയ മൂന്ന് ഡ്രോണുകൾ വ്യോമസേന തടഞ്ഞ് തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.
തലസ്ഥാനമായ റിയാദിനടുത്തുള്ള അൽഖർജ് നഗരത്തിന് പുറത്ത് മൂന്ന് ക്രൂയിസ് മിസൈലുകൾ തകർത്തതിന് തൊട്ടുപിന്നാലെയാണ് പുതിയ ഡ്രോൺ ആക്രമണ നീക്കങ്ങളും സൗദി പരാജയപ്പെടുത്തിയത്. മേഖലയിൽ സംഘർഷം ഉടലെടുത്തതിന് ശേഷം ഇറാെൻറ ഭാഗത്തുനിന്നുണ്ടായ നിരവധി മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ സൗദി അറേബ്യ വിജയകരമായി പ്രതിരോധിച്ചിട്ടുണ്ട്.
ബുധനാഴ്ച റാസ് തനുറ റിഫൈനറിക്ക് നേരെയും ആക്രമണ ശ്രമം നടന്നതായി മന്ത്രാലയം വെളിപ്പെടുത്തി. ഡ്രോൺ ഉപയോഗിച്ചാണ് ഈ ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ പ്രതിരോധ സംവിധാനങ്ങളുടെ ജാഗ്രത മൂലം നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിൽ വിവിധ സുരക്ഷാ ഏജൻസികൾ പൂർണമായ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്‍റെ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാത്തരം ഭീഷണികളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ നിരീക്ഷിക്കുന്നത് തുടരുകയാണ്.
ആവർത്തിച്ചുള്ള ഇത്തരം പ്രകോപനങ്ങൾ നേരിടുമ്പോൾ, രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സമാധാനം നിലനിർത്താനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി അറേബ്യ വീണ്ടും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.