റിയാദ്: ചെങ്കടൽ മേഖലയിലെ നാവിക-സമുദ്ര പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി റെഡ് സീ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ഡോ. മറിയം ഫിക്സിറ്റിലോയെ നിയമിച്ചു. മാർച്ച് 22 മുതൽ അവർ ഔദ്യോഗികമായി ചുമതലയേൽക്കുമെന്ന് അതോറിറ്റി അറിയിച്ചു.
പൊതു-സ്വകാര്യ മേഖലകളിലും സർക്കാർ കമ്പനികളിലുമായി കോർപറേറ്റ് ഗവേർണൻസ്, റിസ്ക് മാനേജ്‌മെന്റ്, കംപ്ലയൻസ് എന്നീ രംഗങ്ങളിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നേതൃപരിചയം ഡോ. മറിയത്തിനുണ്ട്. ‘റെഡ് സീ ഗ്ലോബൽ’ കമ്പനിയിൽ ചീഫ് ഗവേർണൻസ് ഓഫിസറായി സേവനമനുഷ്ഠിച്ചിട്ടുള്ള അവർ, ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങളും റിസ്ക് മാനേജ്‌മെന്റ് ചട്ടക്കൂടുകളും വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. റെഡ് സീ സസ്റ്റെയ്നബിലിറ്റി മോണിറ്ററിങ് കമ്മിറ്റിയുടെ സ്ഥാപക അംഗവും സെക്രട്ടറിയുമാണ് മറിയം ഫിക്സിറ്റിലോ.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം, യു.എൻ ഓഷ്യൻ കോൺഫറൻസ് തുടങ്ങി നിരവധി അന്താരാഷ്ട്ര വേദികളിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൂടാതെ, ജി20 ഉച്ചകോടിയിലെ ഓഷ്യൻ ഗ്രൂപ്പിനായുള്ള സൗദി പ്രതിനിധി സംഘത്തിന്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രഫഷനൽ മികവിനൊപ്പം കടൽയാത്രകളോടും ഡൈവിങ്ങിനോടും താൽപര്യമുള്ളയാളാണ് മറിയം.
സൗദി റെഡ് സീ അതോറിറ്റിയുടെ ഈ സുപ്രധാന ഘട്ടത്തിൽ സി.ഇ.ഒ ആകുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. മറിയം പ്രതികരിച്ചു. തീരദേശ ടൂറിസം മേഖലയെ സുരക്ഷിതവും സുസ്ഥിരവും നിക്ഷേപസൗഹൃദവുമായ ഒരു ആഗോള മാതൃകയാക്കി മാറ്റുന്നതിൽ അതോറിറ്റിക്ക് പ്രധാന പങ്കുണ്ടെന്ന് അവർ വ്യക്തമാക്കി. സർക്കാർ-സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ച് രാജ്യത്തിന്റെ ‘ബ്ലൂ ഇക്കണോമി’ ലക്ഷ്യങ്ങൾ കൈവരിക്കാൻ പരിശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.