മരിച്ച പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി, മകൻ ഇസ്ര ആകുലസ്
റിയാദ്: കഴിഞ്ഞ മാസം 26ന് രാത്രിയിൽ റിയാദിലെ ഹാരയിൽ സ്വന്തം ഫ്ലാറ്റിനുള്ളിൽ കത്തിക്കുത്തേറ്റ് മരിച്ച ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ പ്രഭാകർ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) ദമ്പതികളുടെ മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. പുലർച്ചെ ഒന്നിന് റിയാദിൽനിന്ന് പുറപ്പെടുന്ന ഫ്ലൈനാസ് വിമാനത്തിൽ ഹൈദരാബാദിലെത്തിക്കും. ആത്മഹത്യ ചെയ്തെന്ന് കരുതുന്ന, ഇവരുടെ കൗമാരക്കാരനായ ഏക മകൻ ഇസ്ര ആകുലസ് (15) െൻറ മൃതദേഹം നാളെ (വെള്ളിയാഴ്ച) രാത്രിയിൽ നാട്ടിലേക്ക് കൊണ്ടുപോകും.
പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു. ഭാര്യ ശ്രീദേവി റിയാദിൽ തന്നെ ഒരു ഇന്ത്യൻ സ്കൂളിലെ അധ്യാപികയുമായിരുന്നു. ഇതേ സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയായിരുന്നു മകൻ ഇസ്ര ആകുലസ്. ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിച്ചിരുന്നത്. വർഷങ്ങളായി റിയാദിൽ താമസിക്കുന്ന ഇവർ പ്രവാസി തെലുങ്ക് സമൂഹത്തിനിടയിൽ സുപരിചിതരായിരുന്നു.
ഫെബ്രുവരി 26ന് രാത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. കത്തി കൊണ്ട് നിരവധി കുത്തുകളേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ. സമീപത്തെ മറ്റൊരു ബഹുനില കെട്ടിടത്തിെൻറ മുകളിലത്തെ നിലയിൽനിന്ന് മകൻ ചാടിമരിക്കുകയായിരുന്നു എന്നാണ് നിഗമനം. പൊലീസ് അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുസമ്മിൽ, ബിനു എന്നിവരാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.