കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സൗദി മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു
ജിദ്ദ: ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സൗദി മന്ത്രിസഭ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ വിലയിരുത്തിക്കൊണ്ട് സൗദി അറേബ്യ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
കൂടുതൽ പിരിമുറുക്കങ്ങളും അസ്ഥിരതയും ഒഴിവാക്കി രാഷ്ട്രീയ പരിഹാരത്തിലെത്താൻ നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ടെന്ന് മന്ത്രിസഭ ഊന്നിപ്പറഞ്ഞു. ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്നതുപോലെ ഹുർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്ര സഞ്ചാര സ്വാതന്ത്ര്യം സാധാരണ നിലയിലാക്കണമെന്നും തടസ്സങ്ങളില്ലാതെ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും യോഗം ആവർത്തിച്ചു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി താൻ നടത്തിയ ഫോൺ സംഭാഷണത്തിെൻറ ഉള്ളടക്കം കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. യു.എ.ഇ ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണങ്ങളെ അപലപിച്ച കിരീടാവകാശി, അയൽരാജ്യത്തിെൻറ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സൗദിയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ യോഗങ്ങളിൽ സൗദി പങ്കെടുത്തതിെൻറ ഫലങ്ങളും മന്ത്രിസഭ വിശദമായി ചർച്ച ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിനും വികസനത്തിനുമുള്ള ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സമൂഹത്തിെൻറ പങ്കാളിത്തം ഉറപ്പാക്കുന്ന ‘സൗദി പരിസ്ഥിതി വാരം 2026’ രാജ്യത്തിെൻറ പരിസ്ഥിതി നയങ്ങളുടെ വിപുലീകരണമാണെന്ന് യോഗം വിലയിരുത്തി.
മനുഷ്യത്വപരമായ പരിഗണന മുൻനിർത്തി നിർധനരായ ഭിന്നശേഷിക്കാർക്ക് വലിയ ആശ്വാസമാകുന്ന ഒരു തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു. ഭിന്നശേഷിക്കാരായ ഇത്തരം വ്യക്തികൾക്ക് ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെൻറ് ഫീസുകൾ, എക്സിറ്റ് - റീ എൻട്രി വിസ ഫീസുകൾ, റെസിഡൻസി പെർമിറ്റ് ഇഷ്യൂ ചെയ്യാനും പുതുക്കാനുമുള്ള ചെലവുകൾ എന്നിവ ഇനിമുതൽ ഭരണകൂടം വഹിക്കും. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച തൊഴിലുകളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിദേശ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നതിെൻറ ഭാഗമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വിവിധ കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോർട്ടുകൾ കൈവശമുള്ളവർക്ക് ഹ്രസ്വകാല വിസ നിബന്ധനകളിൽ പരസ്പര ഇളവ് നൽകുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഉണ്ടാക്കിയ കരാർ ഇതിൽ പ്രധാനമാണ്. കൂടാതെ കസ്റ്റംസ് കാര്യങ്ങളിൽ സഹകരണവും പരസ്പര സഹായവും ഉറപ്പാക്കാൻ തുനീഷ്യയുമായും, നീതിന്യായ മേഖലയിലെ സഹകരണത്തിനായി പാകിസ്താൻ നീതിന്യായ മന്ത്രാലയവുമായുള്ള ധാരണപത്രത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.