സൽമാൻ രാജാവ്
റിയാദ്: സൗദി അറേബ്യയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചും പ്രമുഖ സ്ഥാപനങ്ങളുടെ തലപ്പത്ത് നിർണായക മാറ്റങ്ങൾ വരുത്തിയും സൽമാൻ രാജാവ് പുതിയ രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. വ്യാഴാഴ്ച പുറപ്പെടുവിച്ച മൂന്ന് സുപ്രധാന ഉത്തരവുകളിലൂടെയാണ് മന്ത്രിസഭാ പുനഃസംഘടനക്കും സ്ഥാപന തലപ്പത്തെ പുതിയ നിയമനങ്ങൾക്കും അംഗീകാരം നൽകിയത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിെൻറ അധ്യക്ഷതയിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതാണ് ഒന്നാമത്തെ ഉത്തരവ്. നിലവിലെ മന്ത്രിസഭാംഗങ്ങളെല്ലാം അതത് പദവികളിൽ തുടരും. രാജ്യത്തിെൻറ ഭരണഘടന, മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകൾ, മറ്റ് അനുബന്ധ രാജകീയ വിജ്ഞാപനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ നടപടി.
മന്ത്രിസഭയുടെ കാലാവധി പരമാവധി നാല് വർഷമാണെന്നും ഈ കാലയളവിന് ശേഷം രാജകീയ ഉത്തരവിലൂടെ പുനഃസംഘടിപ്പിക്കണമെന്നുമുള്ള മന്ത്രിസഭാ നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരമാണ് തീരുമാനം. രണ്ടാമത്തെ ഉത്തരവിലൂടെ ലോക്കൽ കണ്ടൻറ് ആൻഡ് ഗവൺമെൻറ് പ്രൊക്യുർമെൻറ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ബന്ദർ അൽ ഖുറൈഫിനെ ഒഴിവാക്കി. പകരം അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിനെ പുതിയ അധ്യക്ഷനായി നിയമിച്ചു.
മൂന്നാമത്തെ ഉത്തരവിലൂടെ കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് മുഹമ്മദ് അൽ ഖുവൈസിനെ നീക്കി. പകരം മാസിൻ അൽ സുദൈരിയെ മന്ത്രി പദവിയോടെ പുതിയ അധ്യക്ഷനായി ചുമതലപ്പെടുത്തി. ഭരണനിർവഹണ മികവ് വർധിപ്പിക്കുക, സാമ്പത്തിക-റെഗുലേറ്ററി മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുക, സ്ഥാപനപരമായ പരിഷ്കരണങ്ങൾക്കും വികസന ലക്ഷ്യങ്ങൾക്കും കരുത്തുപകരുക എന്നീ ലക്ഷ്യങ്ങളോടെ ഉത്തരവുകൾ ഉടനടി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.