റിയാദ്: ഒറ്റ വിസയിൽ ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ അനുവദിക്കുന്ന നിർദിഷ്ട വിസ സംവിധാനം വലിയ ഗുണംചെയ്യുമെന്ന് വിലയിരുത്തൽ. അബൂദബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാൻ തീരുമാനമെടുത്തത്. ഇത് പ്രാബല്യത്തിലായാൽ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്െറെൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങൾക്കിടയിൽ സുഗമമായി സഞ്ചരിക്കാനാകും.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനുവദിക്കുന്ന ഷെങ്കൻ വിസയുടെ മാതൃകയിലുള്ള പുതിയ വിസ ഗൾഫ് രാജ്യങ്ങളിലൂടെ ഒരു തടസ്സങ്ങളുമില്ലാതെ സഞ്ചരിക്കാൻ സന്ദർശകർക്ക് സൗകര്യമൊരുക്കും. വാണിജ്യ, വിനോദസഞ്ചാര മേഖലകളിൽ ആറ് രാജ്യങ്ങൾക്കും പരസ്പരം ഗുണമുണ്ടാകുന്ന തീരുമാനം ഉടൻ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. നിയമം സംബന്ധിച്ച വ്യക്തതയുമുണ്ടായിട്ടില്ല.
ദീർഘകാലമായി ഗൾഫ് രാജ്യങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുന്ന വിസനിയമം പ്രാബല്യത്തിലാകാൻ ഇനി വൈകില്ല എന്നാണ് സൂചന. നിലവിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലെയും വിദേശികൾക്ക് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് കടക്കാൻ വിസ ആവശ്യമാണ്. വ്യത്യസ്ത രാജ്യങ്ങൾക്കുള്ള വിസനിയമം അനുസരിച്ച് ഓൺലൈനായോ ഓൺ അറൈവൽ ആയോ എംബസികൾ വഴിയോ അതത് രാജ്യങ്ങൾക്ക് പ്രത്യേകം വിസ നേടണം. പുതിയ വിസ വന്നാൽ അതെല്ലാം പഴങ്കഥയാകും.
ടൂറിസം മേഖലയിൽ സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ സൗദിക്ക് വലിയ രീതിയിൽ ഗുണംചെയ്യുന്നതായിരിക്കും പുതിയ വിസ. ഗൾഫ് രാജ്യങ്ങളിലെ വിദേശികൾ പുതിയ വിനോദസഞ്ചാര കേന്ദ്രമായി കാണുന്നത് സൗദി അറേബ്യയെയാണ്. ഇവിടങ്ങളിലേക്കെല്ലാം അനായാസം യാത്ര സാധ്യമായാൽ സഞ്ചാരികൾ സൗദിയിലേക്ക് ഒഴുകും. രാജ്യത്തെ ചെറുകിട, വൻകിട കച്ചവടക്കാർക്കും ഇതിന്റെ ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.