എസ്. രാജദുരൈ (ചെയർമാൻ),യാഷ് പോൾ പഹൂജ,ജാൻസി പ്രെഡിൻ,സി.എം.എ. സുഹൈൽ മങ്കരത്തൊടി,ത്വാഹ താഹർ പട്ടേൽ,ഡോ. ഫൈസൽ ഇമാം
റിയാദ്: ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൻ കീഴിൽ പ്രവർത്തിക്കുന്ന റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിെൻറ (ഐ.ഐ.എസ്.ആർ) പുതിയ മാനേജിങ് കമ്മിറ്റി നിലവിൽ വന്നു. പുതിയ ഭരണസമിതിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി. വെള്ളിയാഴ്ച (മാർച്ച് ആറ്) സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ഈ വിവരം അറിയിച്ചത്.
ആറംഗ കമ്മിറ്റിക്കാണ് മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. വരും കാലയളവിൽ സ്കൂളിെൻറ ഭരണപരമായ മേൽനോട്ടവും തന്ത്രപരമായ തീരുമാനങ്ങളും ഈ കമ്മിറ്റിയുടെ ചുമതലയിലായിരിക്കും.
എസ്. രാജദുരൈ ആണ് പുതിയ കമ്മിറ്റിയുടെ ചെയർമാൻ. യാഷ് പോൾ പഹൂജ, ജാൻസി പ്രെഡിൻ, സി.എം.എ. സുഹൈൽ മങ്കരത്തൊടി, ത്വാഹ താഹർ പട്ടേൽ, ഡോ. ഫൈസൽ ഇമാം എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. പുതിയ മാനേജിങ് കമ്മിറ്റി ഇന്ത്യൻ എംബസി എംബസി ഫസ്റ്റ് സെക്രട്ടറിയും ഇന്ത്യൻ സ്കൂളുകളുടെ നിരീക്ഷകനുമായ വിപുൽ ബാവയുടെ സാന്നിദ്ധ്യത്തിൽ ചുമതലയേറ്റെടുത്തു.
ചെയർമാൻ എസ്. രാജദുരൈ തമിഴ്നാട്ടിലെ മധുര ബെഥനിയാപുരം സ്വദേശിയാണ്. ഇലക്ട്രിക് എൻജിനീയറായ അദ്ദേഹം സൗദി കാവലോ കോൺട്രാക്ടിങ് കമ്പനിയിൽ സെയിൽസ് മാനേജരാണ്. പഞ്ചാബ് പട്യാല ജില്ലയിലെ രാജ്പുര സ്വദേശിയായ യാഷ് പോൾ പഹൂജ റിയാദിൽ ജാദ്വ ഇൻവെസ്റ്റ്മെൻറ് കമ്പനിയിൽ മാനേജിങ് ഡയറക്ടറും റിസ്ക് മാനേജ്‌മെൻറ് മേധാവിയുമാണ്.
കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ ജാൻസി പ്രെഡിൻ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ നഴ്സിങ് പ്രൊജക്ട്സ് ആൻഡ് റെഗുലേഷൻ ഡിപ്പാർട്ട്മെൻറ് ചെയർപേഴ്സണായി സേവനം അനുഷ്ടിക്കുന്നു. റിയാദിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയാണ്.
മലപ്പുറം മൈലപ്പുറം സ്വദേശിയായ സി.എം.എ സുഹൈൽ മങ്കരത്തൊടി ബ്യൂറോ വെരിറ്റാസ് എന്ന കമ്പനിയിൽ ഫിനാൻസ് ഡിപ്പാർട്ട്മെൻറിൽ സേവനം അനുഷ്ടിക്കുന്നു. റിയാദിൽ സാമൂഹികപ്രവർത്തകനാണ്. മുംബൈ സ്വദേശിയായ ത്വാഹ താഹിർ പട്ടേൽ സ്നൈഡർ ഇലക്ട്രിക് സൗദി അറേബ്യ കമ്പനിയിൽ സർവിസ് ഓപറേഷൻസ് എക്സലൻസ് ലീഡറാണ്. ബിഹാർ പാട്ന സ്വദേശിയായ ഡോ. ഫൈസൽ ഇമാം റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ പ്രഫസറാണ്.
വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കർശനമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് പുതിയ സമിതി നിലവിൽ വന്നിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കമ്യൂണിറ്റി സ്കൂളുകളിൽ ഒന്നായ റിയാദ് ഇന്ത്യൻ സ്കൂളിെൻറ അക്കാദമിക് നിലവാരവും ഭരണക്ഷമതയും മെച്ചപ്പെടുത്താൻ ഈ കമ്മിറ്റിയുടെ സേവനം സഹായകമാകുമെന്ന് പ്രിൻസിപ്പൽ മീര റഹ്മാൻ പ്രത്യാശ പ്രകടിപ്പിച്ചു.
മന്ത്രാലയത്തിെൻറ നിരന്തരമായ പിന്തുണയ്ക്ക് നന്ദി അറിയിച്ച പ്രിൻസിപ്പൽ, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുകയും വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ സ്കൂൾ മാനേജ്‌മെൻറ് സന്നദ്ധമാണെന്നും കൂട്ടിച്ചേർത്തു.
ഫോട്ടോ: എസ്. രാജദുരൈ (ചെയർമാൻ), യാഷ് പോൾ പഹൂജ, ജാൻസി പ്രെഡിൻ, സി.എം.എ. സുഹൈൽ മങ്കരത്തൊടി, ത്വാഹ താഹർ പട്ടേൽ, ഡോ. ഫൈസൽ ഇമാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.