യാംബു: സൗദി അറേബ്യയിലെ കര, കടൽ, റെയിൽ ഗതാഗത മേഖലകളിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ വൻ നിയമലംഘനങ്ങൾ കണ്ടെത്തി. ഫെബ്രുവരിയിൽ മാത്രം രാജ്യവ്യാപകമായി 4,64,126 പരിശോധനകൾ നടത്തിയതായും ഇതിൽ 93,259 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായും സൗദി പൊതുഗതാഗത അതോറിറ്റി (ടി.ജി.എ) അറിയിച്ചു.
നിയമ ലംഘനങ്ങൾ ഗുരുതരമായതിനെ തുടർന്ന് 2,762 വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. ഗതാഗത ചട്ടങ്ങൾ പാലിക്കാത്തതും വാഹനങ്ങളുടെ സാങ്കേതിക നിലവാരത്തിലുള്ള പോരായ്മകളുമാണ് പ്രധാനമായും നടപടികൾക്ക് കാരണമായത്. ഈ വാഹനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് മക്ക മേഖലയിലാണ്.
മക്ക (36,348 കേസുകൾ), റിയാദ് (20,164), മദീന (9,027), കിഴക്കൻ പ്രവിശ്യ (8,506), തബൂക്ക് (5,026) എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ച കണക്ക്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, സ്വകാര്യ വാഹനങ്ങൾ അനധികൃതമായി ഗതാഗത സേവനങ്ങൾക്ക് ഉപയോഗിക്കുക, ലൈസൻസ് ഇല്ലാതെയും കാലാവധി കഴിഞ്ഞ പെർമിറ്റുകൾ ഉപയോഗിച്ചും സർവിസ് നടത്തുക എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനുമുള്ള കർശന പരിശോധനകൾ വരും ദിവസങ്ങളിലും രാജ്യത്തുടനീളം തുടരുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.