കേരള പ്രവാസി വെൽഫെയർ ബോർഡ് കുടിശ്ശികയായി നിലനിൽക്കുന്ന ക്ഷേമനിധി പെൻഷൻ തുക അടിയന്തരമായി വിതരണം ചെയ്യണം. പെൻഷൻ തുക 5,000 രൂപയായി വർധിപ്പിച്ച് സമയബന്ധിതമായി നൽകാൻ സ്ഥിരമായ സംവിധാനം സർക്കാർ ഉറപ്പാക്കണം. വിദേശത്ത് വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് നാടിന്റെ സാമ്പത്തിക വളർച്ചക്ക് നിർണായക സംഭാവന നൽകിയ പ്രവാസികൾക്ക് ലഭിക്കേണ്ട അവകാശമാണ് ക്ഷേമനിധി പെൻഷൻ.
പെൻഷനായി അപേക്ഷ സമർപ്പിച്ച നിരവധി പ്രവാസികൾ മാസങ്ങളായി അനിശ്ചിതത്വത്തിൽ കാത്തിരിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്.
അപേക്ഷകൾക്ക് അംഗീകാരം ലഭിക്കാൻ തന്നെ ദീർഘകാലം വേണ്ടിവരുന്നതും പെൻഷൻ അനുവദിച്ച ശേഷം മാസങ്ങളോളം കുടിശ്ശികയായി തുടരുന്നതും പ്രവാസി സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. 60 വയസ്സ് വരെ പ്രതിമാസം 350 രൂപ കൃത്യമായി അംശദായം അടച്ച പ്രവാസികൾക്ക് പെൻഷൻ തുക കൃത്യമായി ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഒട്ടേറെ പ്രവാസി കുടുംബങ്ങൾ ഈ തുകയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ പെൻഷൻ വൈകിപ്പിക്കുന്നത് ഗുരുതരമായ അവഗണനയാണ്. സംസ്ഥാന ബജറ്റിൽ ക്ഷേമപെൻഷനുകൾക്കായി ഫണ്ട് വകയിരുത്തിയെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും പ്രവാസി ക്ഷേമനിധി പെൻഷൻ വിതരണം ഇപ്പോഴും അശാസ്ത്രീയമായി തുടരുകയാണ്. കുടിശ്ശിക തുക അടിയന്തരമായി വിതരണം ചെയ്യുകയും ഭാവിയിൽ കൃത്യസമയത്ത് പെൻഷൻ ലഭ്യമാക്കാൻ വ്യക്തമായ കർമപദ്ധതി നടപ്പാക്കുകയും വേണം.
ഈ വിഷയത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി രംഗത്തുവരണം.
കുടിശ്ശിക ലഭിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രവാസികളുടെ തീരുമാനം. പ്രവാസികളുടെ പ്രധാന പ്രശ്നങ്ങൾ ഉൾപ്പെടുത്തി മാനിഫെസ്റ്റോ തയാറാക്കി അധികാരികൾക്ക് സമർപ്പിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രതിഷേധം ശക്തമാക്കും.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയത്തിൽ തൃപ്തികരമായ പരിഹാരം ഉണ്ടായില്ലെങ്കിൽ, പ്രവാസികളും അവരുടെ കുടുംബങ്ങളും ജനാധിപത്യപരമായ രീതിയിൽ ബാലറ്റിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.