സൗദിക്ക് നേരെ വൻ ആക്രമണ ശ്രമം; ഷൈബ എണ്ണപ്പാടവും വ്യോമതാവളവും ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും തകർത്തു

റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ ഷൈബ എണ്ണപ്പാടവും സൈനിക താവളങ്ങളും ലക്ഷ്യമാക്കി നടന്ന വൻ അക്രമണ ശ്രമങ്ങളെ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ഒരു ബാലിസ്റ്റിക് മിസൈലും പത്തോളം ഡ്രോണുകളുമാണ് വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സായ ഷൈബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ടായിരുന്നു പ്രധാന നീക്കം നടന്നത്. വിജനമായ റുബ്ഉൽ ഖാലി മേഖലയിലൂടെ എണ്ണപ്പാടം ലക്ഷ്യമാക്കി എത്തിയ ഡ്രോണുകളെ രണ്ട് ഘട്ടങ്ങളിലായാണ് തകർത്തത്.

ആദ്യ ഘട്ടത്തിൽ നാല് ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചു. തൊട്ടുപിന്നാലെ ഇതേ മേഖലയിൽ വച്ച് ആറ് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടു.

ഇതോടെ ഷൈബയ്ക്ക് നേരെയുള്ള ആക്രമണ നീക്കത്തിനായി എത്തിയ ആകെ 10 ഡ്രോണുകൾ പ്രതിരോധ നിര തകർത്തു.

എണ്ണപ്പാടത്തിന് പുറമെ, സൗദിയിലെ പ്രമുഖ സൈനിക കേന്ദ്രമായ അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈലും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും റിയാദിന് സമീപമുള്ള വിവിധ മേഖലകളിൽ സമാനമായ ആക്രമണ ശ്രമങ്ങൾ നടന്നിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:

• ലക്ഷ്യമിട്ട സ്ഥലങ്ങൾ: കിഴക്കൻ റിയാദ്, വടക്കുകിഴക്കൻ റിയാദ്, അൽ-ഖർജ് പ്രവിശ്യ, അമീർ സുൽത്താൻ എയർബേസ്.

• തകർത്തവ: 5 ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും 6 ഡ്രോണുകളും.

"രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക സ്രോതസ്സുകൾക്കും നേരെ ഉണ്ടാകുന്ന ഇത്തരം ഭീഷണികളെയും നീക്കങ്ങളെയും അതിശക്തമായി തന്നെ നേരിടും." - മേജർ ജനറൽ തുർക്കി അൽ മാലിക്കി

മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പ്രതിരോധ സേന സജ്ജമാണെന്നും ഔദ്യോഗിക വക്താവ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Massive attack attempt against Saudi Arabia; Missiles and drones targeting Shaybah oil field and airbase destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.