ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ ‘സൗദിയ’ ജിദ്ദ-കോഴിക്കോട് സെക്ടറിലെ വിമാന സർവിസുകൾ ഡിസംബർ നാല് മുതൽ പുനരാരംഭിക്കുന്നു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവിസുകൾ പുനരാരംഭിക്കുന്നത് സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള മലയാളി സമൂഹത്തിനും മലബാറിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്കും വലിയ ആശ്വാസമാകും. വിമാന ടിക്കറ്റുകളുടെ ബുക്കിങ് സൗദി എയർലൈൻസ് വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.
ആഴ്ചയിൽ മൂന്ന് സർവിസുകളാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് 4.25-ന് പുറപ്പെടുന്ന വിമാനം രാത്രി 12.25-നാണ് കരിപ്പൂരിലെത്തുക. കൂടാതെ തിങ്കളാഴ്ച പുലർച്ചെ ഒന്നിന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന മറ്റൊരു വിമാനം രാവിലെ ഒമ്പതിനും കരിപ്പൂരിലെത്തും. ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്കുള്ള തിരികെ സർവിസുകൾ. ഇതിൽ ശനി, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ 1.30-ന് കരിപ്പൂരിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 5.25-നും തിങ്കളാഴ്ച രാവിലെ 9.55-ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.50-നും ജിദ്ദയിലെത്തും.
2020-ൽ കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തെ തുടർന്നുള്ള സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളും, തുടർന്ന് നടന്ന റൺവേ വികസനവും റീകാർപ്പറ്റിങ് ജോലികളും കാരണമാണ് സൗദി എയർലൈൻസ് സർവിസുകൾ നിർത്തിവെച്ചിരുന്നത്.
നേരിട്ടുള്ള സർവിസുകളുടെ കുറവ് കാരണം കനത്ത ടിക്കറ്റ് നിരക്ക് നൽകിയോ മറ്റ് വിമാനത്താവളങ്ങൾ വഴി കണക്റ്റിങ് സർവിസുകളെ ആശ്രയിച്ചോ ആയിരുന്നു പ്രവാസികൾ യാത്ര ചെയ്തിരുന്നത്.
സൗദിയയുടെ തിരിച്ചുവരവോടെ മിതമായ നിരക്കിൽ കൂടുതൽ ലഗേജ് അലവൻസോടെ നേരിട്ട് കോഴിക്കോട്ടേക്ക് എത്താൻ സാധിക്കുന്നത് ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഗുണകരമാകും. ഒപ്പം വിശുദ്ധ നഗരമായ മക്കയോട് ഏറ്റവും അടുത്തുള്ള ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഈ സർവിസ് ഉംറ തീർഥാടകരുടെ യാത്രാക്ലേശത്തിനും വലിയ പരിഹാരമാകും. സീസൺ സമയങ്ങളിലെ ടിക്കറ്റ് ലഭ്യതക്കുറവും യാത്രാക്കൂലി വർധനവും മൂലം ബുദ്ധിമുട്ടുന്നവർക്കും ഈ തീരുമാനം ഏറെ ആശ്വാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.