എക്സോബോട്ട് എസ്‌യുവി

1,111 എച്ച്.പി കരുത്ത്, 1,500 എൻ.എം ടോർക്ക്, 670 കി.മീ റേഞ്ച്; സൗദിയുടെ സ്വന്തം ഇലക്ട്രിക് കാർ 'സീർ എക്സോബോട്ട്' വിപണിയിൽ

സൗദി അറേബ്യയുടെ ദേശീയ ഓട്ടോമോട്ടീവ് കമ്പനിയായ 'സീർ' (CEER), രാജ്യത്തിന്റെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് വാഹനങ്ങളായ 'എക്സോബോട്ട് സെഡാൻ' (Exobot Sedan), 'എക്സോബോട്ട് എസ്‌യുവി' (Exobot SUV) എന്നിവ ഔദ്യോഗികമായി പുറത്തിറക്കി. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ സീർ മാനുഫാക്ചറിങ് കോംപ്ലക്സിൽ കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനാണ് പുതിയ വാഹനങ്ങൾ അനാച്ഛാദനം ചെയ്തത്. 2030ഓടെ ഏഴ് മോഡലുകൾ വിപണിയിലെത്തിക്കാനുള്ള കമ്പനിയുടെ പദ്ധതിയിലെ ആദ്യ ചുവടുവെപ്പാണിത്.

സ്റ്റൈലിഷ് ഡിസൈൻ

സൗദി പൈതൃകത്തിൽ നിന്നും പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എക്സോബോട്ടിന്റെ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഒരുക്കിയിരിക്കുന്നത്. ചരിത്രപ്രസിദ്ധമായ ഹിഗ്ര വാസ്തുവിദ്യയുടെ പ്രൗഢിയും, ഷഹീൻ പരുന്തിന്റെ രൂപഭാവമുള്ള ഏകദേശം 3 മീറ്റർ നീളമുള്ള 'ഷഹീൻ വിങ് ഡോറുകളും' വാഹനത്തിന്റെ പ്രധാന ആകർഷണമാണ്. വായുചലനക്ഷമത (Aerodynamics) വർധിപ്പിക്കുന്നതിനായി 15 ഡിഗ്രി ചരിവിൽ നിർമിച്ച 2.4 മീറ്റർ നീളമുള്ള വിൻഡ്ഷീൽഡ് വാഹനത്തിൽ കാണാം. സെഡാന് 5260 മി.മീ നീളവും, 2100 മി.മീ വീതിയും, 1430 മി.മീ ഉയരവുമായി എത്തുമ്പോൾ എസ്‌യുവിക്ക് 5020 മി.മീ നീളവും, 2100 മി.മീ വീതിയും, 1690 മി.മീ ഉയരവുമുണ്ട്.


എഞ്ചിൻ കരുത്തും പ്രകടനവും

ഉയർന്ന മോഡലുകളിൽ ട്രൈ-മോട്ടർ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 1,111 എച്ച്.പി കരുത്തും 1,500 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. സെഡാൻ മോഡൽ 0-ൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.1 സെക്കൻഡുകൾ മതി. കൂടാതെ, മണിക്കൂറിൽ 250 കി.മീ പരമാവധി വേഗത. എസ്‌യുവി 2.4 സെക്കൻഡിൽ പൂർത്തിയാക്കുന്നതോടൊപ്പം പരമാവധി വേഗത 210 കി.മീ കൈവരിക്കും. പ്രാരംഭ ഘട്ടത്തിൽ ഇറങ്ങുന്ന ഫസ്റ്റ് എഡിഷൻ മോഡലുകൾക്ക് 850 എച്ച്.പി കരുത്തും 1,000 എൻ.എം ടോർക്കുമുണ്ട്.

ബാറ്ററിയും റേഞ്ചും

112 kWh ബാറ്ററിയും 800V ആർക്കിടെക്ചറുമാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജിങ് വഴി 10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലെത്താൻ 30 മിനിറ്റിൽ താഴെ മാത്രം മതി. NEDC മാനദണ്ഡപ്രകാരം സെഡാന് 670 കിലോമീറ്ററും എസ്‌യുവിക്ക് 560 കിലോമീറ്ററും റേഞ്ച് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.


ഇന്റീരിയറും അത്യാധുനിക സജ്ജീകരണങ്ങളും

8K റെസല്യൂഷനോട് കൂടിയ 48 ഇഞ്ചിന്റെ വലിയ വളഞ്ഞ 'ഡിജിറ്റൽ ഹോറിസോൺ' ഡിസ്‌പ്ലേ, 10.4 ഇഞ്ച് സെൻട്രൽ സ്ക്രീൻ, പിന്നിലെ യാത്രികർക്കായി 8 ഇഞ്ച് ഡിസ്‌പ്ലേ എന്നിവ വാഹനത്തിൽ നൽകിയിട്ടുണ്ട്. കൂടാതെ, സ്റ്റിയർ-ബൈ-വയർ ടെക്നോളജി, റിയർ-വീൽ സ്റ്റിയറിങ്, സൗണ്ട്സ്റ്റേജ് ഓഡിയോ സിസ്റ്റം, വ്യക്തിഗത സുഗന്ധവ്യഞ്ജന സംവിധാനം (Personalised fragrance system), ടച്ച് വഴി സുതാര്യത മാറ്റാൻ കഴിയുന്ന ലോവർ ഡോർ ഗ്ലാസ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. യാത്രക്കാരുടെ സുരക്ഷക്കായി സെൽ-ടു-പാക്ക് ബാറ്ററി ഘടന, ഏഴ് എയർബാഗുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയും നൽകിയിട്ടുണ്ട്.


നിർമാണവും വിപണിയിലെത്തുന്ന സമയവും

മധ്യപൂർവ്വ പ്രദേശത്തെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് നിർമാണം കേന്ദ്രമായ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ സീർ മാനുഫാക്ചറിങ് കോംപ്ലക്സിലാണ് വാഹനങ്ങൾ നിർമ്മിക്കുന്നത്. പ്രാരംഭമായി ലിമിറ്റഡ് ഫസ്റ്റ് എഡിഷനും തുടർന്ന് 'എക്സോബോട്ട് പ്ലസ്' മോഡലുകളും വിപണിയിലെത്തും. 2027ന്റെ തുടക്കത്തിൽ സൗദി അറേബ്യയിൽ വാഹനത്തിന്റെ വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Saudi Arabias own electric car Ceer Exobot launched in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.