ജിദ്ദ: റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ ഇരുഹറമുകളിലേക്കും തീർഥാടക പ്രവാഹം ശക്തം. റമദാൻ അവസാന പത്തിലെ രാവുകൾ ഹറമിൽ പ്രാർഥനാ നിരതരാകാൻ ആയിരങ്ങളാണ് മക്കയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരുടെയും വിദേശികളും സ്വദേശികളുമായ ആഭ്യന്തര തീർഥാടകരുടെയും വരവ് കൂടിയതോടെ മസ്ജിദുൽഹറാമിലും മസ്ജിദുന്നബവിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അവസാന പത്തിൽ ഇഅ്ത്തികാഫിൽ കഴിയാനെത്തുന്നവർ ധാരാളമാണ്. ഇവർക്ക് വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഇരുഹറം കാര്യാലയ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഉംറ സീസൺ അവസാനിക്കാറായതോടെ വിദേശ തീർഥാടകരുടെ വരവ് കൂടിയിട്ടുണ്ട്. മക്ക, മദീന വിമാനത്താവളങ്ങളിൽ തീർഥാടകരേയും വഹിച്ചെത്തുന്ന വിമാനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഹജ്ജ് ടെർമിനലിൽ യാത്രാ നടപടികൾ എളുപ്പമാക്കാൻ കൂടുതൽ കൗണ്ടറുകളൊരുക്കിയിട്ടുണ്ട്. പാസ്പോർട്ട് വകുപ്പിന് കീഴിൽ കൂടുതൽ ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഗവൺമെൻറ് ഒാഫീസുകൾ ഇൗദുൽ ഫിത്വർ അവധിക്കായി അടച്ചതിനാൽ വരും ദിവസങ്ങളിൽ ആഭ്യന്തര തീർഥാടകരുടെ വരവ് ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹറമിനടുത്ത ഹോട്ടലുകളിലെല്ലാം മുറി കിട്ടാൻ വലിയ ഡിമാൻറാണ്. ബുക്കിങ് അനുപാതം കൂടിയിട്ടുണ്ട്. തീർഥാടക സേവനവുമായ ബന്ധപ്പെട്ട ഒരോ വകുപ്പുകളും അവസാന പത്തിലെ വർധിച്ച തിരക്ക് കണക്കിലെടുത്ത് പ്രത്യേക പ്രവർത്തന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനു പുറമെ വെളളിയാഴ്ച, 27ാം രാവ്, ഖത്മുൽ ഖുർആൻ എന്നി ദിവസങ്ങളിലേക്ക് പ്രത്യേക പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഇരുഹറം കാര്യാലത്തിന് കീഴിലും സ്ത്രീകളും പുരുഷന്മാരുമായി പത്തിനായിരത്തിലധികമാളുകളെ സേവനത്തിനായി നിശ്ചയിച്ചിട്ടുണ്ട്. സേവനങ്ങൾ നിരീക്ഷിക്കുന്നതിനും ശുചീകരണ ജോലികൾക്കും കൂടുതലാളുകളെ ഒരുക്കിയിട്ടുണ്ട്.
അവസാന പത്ത്, ഇൗദുൽഫിത്വർ എന്നിവക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി സിവിൽ ഡിഫൻസ് മേധാവി ജനറൽ സുലൈമാൻ ബിൻ അബ്ദുല്ല അൽ അംറു പറഞ്ഞു. മക്കയിലും മദീനയിലും സിവിൽ ഡിഫൻസ് സുസജ്ജമാണ്. ഏത് അടിയന്തിരഘട്ടം നേരിടാനാവശ്യമായ ആളുകളെ ഒരുക്കിയിട്ടുണ്ട്. മസ്ജിദുൽ ഹറാമിനകത്തും പുറത്തും തീർഥാടകരെ സഹായിക്കുന്നതിനുള്ള ഡിഫൻസ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. മക്ക, മദീന പട്ടണങ്ങളിലെ മുഴുവൻ ഡിസ്ട്രിക്റ്റുകളിലും കൂടുതലാളുകളെയും നിയോഗിക്കുകയും ഇവർക്കാവശ്യമായ ഉപകരണങ്ങളും വാഹനങ്ങങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിര സേവനത്തിനായി നിരവധി മെേട്ടാർ സൈക്കിൽ യൂനിറ്റുകളുമൊരുക്കിയിട്ടുണ്ട്.
തീർഥാടകരെ താമസിപ്പിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ പരിശോധന നടത്തിവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണ അളവ് പരിശോധിക്കാനും സംഘങ്ങളുണ്ട്. തീർഥാടകർ കടന്നുപോകുന്ന റോഡുകളിൽ സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ നിയോഗിച്ചിട്ടുണ്ടെന്നും സൗദി സിവിൽ ഡിഫൻസ് മേധാവി സുലൈമാൻ അൽഅംറ് പറഞ്ഞു. ഇരുഹറം കാര്യാലയം, ട്രാഫിക്ക്, പൊലീസ്, ആരോഗ്യം, മുനിസിപ്പാലിറ്റി, റെഡ്ക്രസൻറ്, ഗതാഗതം എന്നീ വകുപ്പുകൾക്ക് കീഴിൽ റമദാൻ അവസാന പത്തിലെ പ്രവർത്തന പദ്ധതികൾക്ക് തുടക്കമായിട്ടുണ്ട്. ഇരുഹറമുകളിലും തീർഥാടകരുടെ സേവനത്തിന് സ്കൗട്ടുകളും സ്ത്രീകളും പുരുഷന്മാരുമായി നിരവധി വളണ്ടിയർമാരും രംഗത്തുണ്ട്. മദീനയിൽ മസ്ജിദുന്നബവി കാര്യാലയത്തിന് കീഴിൽ നമസ്കരിക്കാനെത്തുന്നവർക്കും സന്ദർശകർക്കും ആവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.