ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ: ഇസ്രായേൽ നിയമത്തെ അപലപിച്ച്​ അറബ്​, മുസ്​ലിം രാജ്യങ്ങൾ

റിയാദ്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കുന്ന നിയമം പാസാക്കിയ ഇസ്രായേൽ നടപടിക്കെതിരെ സൗദി അറേബ്യയുൾപ്പെടെ എട്ട് രാജ്യങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അധിനിവിഷ്​ട വെസ്​റ്റ്​ ബാങ്കിൽ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകുന്ന തരത്തിൽ ഇസ്രായേൽ പാർലമെൻറായ നെസെറ്റ് അംഗീകരിച്ച നിയമത്തെ സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ, ജോർഡാൻ, പാകിസ്​താൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്തമായി അപലപിച്ചത്.

ഇസ്രായേൽ അധിനിവേശ അധികാരികൾ നടപ്പാക്കുന്ന ഈ നിയമം വംശവിവേചന ഭരണകൂടത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് മന്ത്രിമാർ കുറ്റപ്പെടുത്തി. ഫലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങൾ നിഷേധിക്കുന്നതും അധിനിവിഷ്​ട പ്രദേശങ്ങളിൽ അവരുടെ നിലനിൽപ്പിനെത്തന്നെ ഭീഷണിയിലാക്കുന്നതുമായ തുടർച്ചയായ ഇസ്രായേലി നടപടികൾക്കെതിരെ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

ഫലസ്തീൻ തടവുകാർക്കെതിരായ വിവേചനപരമായ പ്രയോഗം കണക്കിലെടുക്കുമ്പോൾ, ഈ പുതിയ നിയമനിർമാണം മേഖലയിൽ അപകടകരമായ മുന്നേറ്റത്തിന് കാരണമാകുമെന്ന് മന്ത്രിമാർ ഊന്നിപ്പറഞ്ഞു. ഇത്തരം നടപടികൾ മേഖലയിലെ പിരിമുറുക്കം വർധിപ്പിക്കുകയും പ്രാദേശിക സ്ഥിരതയെ തകർക്കുകയും ചെയ്യും. നിലവിൽ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരുടെ അവസ്ഥയിൽ മന്ത്രിമാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.

പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം, പട്ടിണി, അടിസ്ഥാന അവകാശങ്ങളുടെ ലംഘനം എന്നിവയുൾപ്പെടെ തടവുകാർ നേരിടുന്ന നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ വരാനിരിക്കുന്ന വലിയ അപകടസാധ്യതകളെക്കുറിച്ച് മന്ത്രിമാർ മുന്നറിയിപ്പ് നൽകി.

വംശീയ വിവേചനം, അടിച്ചമർത്തൽ, ഫലസ്തീൻ ജനതയെ ലക്ഷ്യം വെച്ചുള്ള ആക്രമണം എന്നിവയിലധിഷ്ഠിതമായ ഇസ്രായേലി നയങ്ങളെ മന്ത്രിമാർ പ്രസ്താവനയിലൂടെ പൂർണമായും നിരാകരിച്ചു. സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കുന്ന തരത്തിൽ ഇസ്രായേൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം നടപടികൾ തടയേണ്ടത് അത്യന്താപേക്ഷിതമാണെന്നും, മേഖലയിൽ സ്ഥിരത നിലനിർത്തുന്നതിനും സ്ഥിതിഗതികൾ വഷളാകുന്നത് തടയുന്നതിനും അന്താരാഷ്​ട്ര സമൂഹത്തി​െൻറ ഭാഗത്തുനിന്നും തീവ്രമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Death Penalty for Palestinian Prisoners: Arab and Muslim Countries Condemn Israeli Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.