ജിദ്ദ: മക്കയിൽ തിരക്കേറിയതോടെ ആകാശനിരീക്ഷണം ശക്തം. അത്യാധുനിക സജീകരണങ്ങളുള്ള ഹെലികോപ്റ്ററുകൾ സദാ മക്കയുടെ മാനത്ത് സുരക്ഷാകണ്ണുകളുമായി റോന്ത് ചുറ്റുന്നുണ്ട്. ഏത് അടിയന്തിരസാഹചര്യങ്ങളെയും മുൻകൂട്ടി കാണാനും ഇടപെടാനുമുള്ള എല്ലാ സംവിധാനങ്ങളുമായാണിവ പറക്കുന്നത്. പതിവു പോലെ ഇത്തവണയും റമദാൻ ആദ്യം മുതൽ സുരക്ഷ വകുപ്പിനു കീഴിലെ ഹെലികോപ്റ്ററുകൾ നിരീക്ഷണത്തിനും സേവനത്തിനുമായി രംഗത്തുണ്ട്. ഒമ്പത് ഹെലികോപ്റ്ററുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
സുരക്ഷക്ക് പുറമെ ട്രാഫിക് കുരുക്കുകൾ, തീർഥാടകരുടെ തിരക്ക് എന്നിവ നിരീക്ഷിക്കാനും റിപ്പോർട്ടുകളും ദൃശ്യങ്ങളും കൺട്രോൾ റൂമിലേക്ക് നൽകാനും അടിയന്തിര ആരോഗ്യ സേവനത്തിനുമാണ് ഹെലികോപ്റ്ററുകൾ പറക്കുന്നത്.
രാത്രിയിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന കാമറ സംവിധാനത്തോട് കൂടിയതാണിവ. മക്കയുടെ വിവിധ ഭാഗങ്ങളിൽ ഹെലിപ്പാഡുകൾ ഒരുക്കിയിട്ടുണ്ട്. ഇൗ വർഷം റമദാനിൽ 200 ലധികം തവണ നിരീക്ഷണ പറക്കൽ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുരക്ഷവിമാന ജനറൽ ക്യാപ്റ്റൻ മുഹമ്മദ് ബിൻ ഇൗദ് അൽഹർബി പറഞ്ഞു. ഇക്കഴിഞ്ഞ വർഷം റമദാനിൽ 209 തവണ (114 മണിക്കൂർ) തൊട്ടു മുൻവർഷം 193 തവണ (143 മണിക്കൂർ) നിരീക്ഷണപറക്കൽ നടത്തിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ നിരീക്ഷണത്തിനു പുറമെ മാനുഷിക സേവനങ്ങളും വിവിധ ഗവൺമെൻറ് വകുപ്പുകൾക്കാവശ്യമായ കാര്യങ്ങൾക്കും ഹെലികോപ്റ്റർ ഉപയോഗിച്ചുവരുന്നുണ്ട്. അടിയന്തിര ആരോഗ്യ സേവനത്തിനാവശ്യമായ സജ്ജീകരണങ്ങളോട് കുടിയതാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.