ആർ.എസ്‌.സി, കലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റ് നാഷനൽ കമ്മിറ്റി ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.

സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോൽസവ്‌ വെള്ളിയാഴ്ച മദീനയിൽ

ജിദ്ദ: കലാലയം സാംസ്കാരിക വേദിയുടെ 13-മത്‌ സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോൽസവ്‌ ഈ മാസം 10 ന് വെള്ളിയാഴ്ച മദീനയിൽ നടക്കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ട് വിഭാഗങ്ങളിലായി 67 കലാ, സാഹിത്യ, വൈജ്ഞാനിക മത്സര ഇനങ്ങൾ 11 വേദികളിലായി നടക്കും. അസീർ, ജിദ്ദ നോർത്ത്, ജിദ്ദ സിറ്റി, യാംബു, മദീന, ത്വാഇഫ്, മക്ക, തബൂക്ക്, ജിസാൻ തുടങ്ങി പത്ത് സോണുകളാണ് നാഷനൽ പ്രവാസി സാഹിത്യോൽസവിൽ മാറ്റുരക്കുക. പ്രാദേശിക യൂനിറ്റ്‌ തലം മുതൽ മൂന്ന് ഘട്ടങ്ങളിലായി മൽസരിച്ച്‌ ഒന്നാം സ്ഥാനത്തെത്തിയ 500 പ്രതിഭകൾ മദീനയിൽ മാറ്റുരക്കും.

'പ്രവാസം പുനർ നിർവചിക്കാൻ യുവത്വത്തിന് സാധിക്കുന്നുവോ' എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകർ സംബന്ധിക്കുന്ന സംവാദവും, 'പാട്ടുകളുടെ സാംസ്കാരിക വിപ്ലവം' എന്ന വിഷയത്തിൽ സംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ചയും സാഹിത്യോത്സവ് നഗരിയിൽ നടക്കും.

രാവിലെ എട്ട് മുതൽ തുടങ്ങുന്ന പരിപാടിയിൽ ഉദ്ഘാടന സമ്മേളനം, വൈകിട്ട് ആറിന് സമാപന സംഗമം, ചാമ്പ്യന്മാർക്കുള്ള ട്രോഫി വിതരണം, അടുത്ത ദേശീയ സാഹിത്യോത്സവ് വേദിയുടെ പ്രഖ്യാപനം എന്നിവ മത്സരങ്ങൾക്ക് പുറമെ നടക്കും. സാഹിത്യോൽസവിനായി വിവിധ പ്രദേശങ്ങളിൽനിന്നും എത്തുന്ന പ്രതിഭകൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ്‌ സ്വാഗത സംഘത്തിന്‌ കീഴിൽ‌ നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

കലാലയം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന 30 വയസ്സ്‌ വരെ പ്രായമുള്ള യുവതി, യുവാക്കൾക്ക്‌ വേണ്ടി പ്രവാസലോകത്ത്‌ വ്യവസ്ഥാപിതമായി നടക്കുന്ന ഏക ശ്രേണീ മൽസരമാണ്‌ സാഹിത്യോൽസവ്‌. സംവാദാത്മകത നഷ്ടപ്പെടുകയും സർവാധിപത്യത്തിലൂടെ അധികാര പ്രയോഗങ്ങൾ ശക്തിപ്പെടുകയും ചെയ്യുമ്പോൾ സർഗാത്മക ശ്രമങ്ങൾക്ക്‌ വലിയ മൂല്യമുണ്ട്‌. പ്രവാസി സാഹിത്യോൽസവ് പുതുതലമുറയിൽ നൽകുന്ന സന്ദേശം അതാണ്‌‌. സമ്മിശ്ര സാംസ്കാരിക അന്തരീക്ഷത്തിൽ കഴിയുന്നതിലൂടെ പ്രവാസം‌ രൂപപ്പെടുത്തിയെടുത്ത വിശാല മാനവിക ബോധത്തെ ഉദ്ദീപിപ്പിക്കുക സാഹിത്യോത്സവിന്റെ ലക്ഷ്യമാണെന്നും പ്രാദേശിക തലം മുതൽ പ്രവർത്തകർ സംഘാടകർ ആകുന്ന ജനകീയ വേദികളാണ് സാഹിത്യോത്സവുകളെന്നും ഭാരവാഹികൾ അറിയിച്ചു.

ആർ.എസ്‌.സി ഗ്ലോബൽ സെക്രട്ടറി നൗഫൽ എറണാകുളം, സൗദി വെസ്റ്റ് നാഷനൽ ജനറൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ, ഭാരവാഹികളായ ഉമൈർ മുണ്ടോളി, ഫസീൻ അഹമ്മദ്, ഇർഷാദ് കടമ്പോട് എന്നിവർ വാർത്താസമ്മളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Saudi West National Expatriate Literary Festival in Madinah on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.