സൗന്ദര്യവർധക കുത്തിവെപ്പ് പ്രോത്സാഹിപ്പിച്ചു; രണ്ട് ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗന്ദര്യവർധക ആവശ്യങ്ങൾക്കായി ശാസ്ത്രീയ അംഗീകാരമില്ലാത്ത ‘എക്സോസോം’ (Exosome) കുത്തിവെപ്പുകൾ പ്രോത്സാഹിപ്പിച്ച രണ്ട് ഡോക്ടർമാരുടെ മെഡിക്കൽ ലൈസൻസുകൾ സൗദി ആരോഗ്യ മന്ത്രാലയം താൽകാലികമായി റദ്ദാക്കി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇരുവരും ചേർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രമോഷണൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രാലയം ഈ അടിയന്തര നടപടി സ്വീകരിച്ചത്. തങ്ങളുടെ പ്രഫഷണൽ പദവിയും കുടുംബബന്ധവും ദുരുപയോഗം ചെയ്ത്, എക്സോസോം കുത്തിവെപ്പ് തികച്ചും സുരക്ഷിതമായ ഒരു പ്രക്രിയയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം. ഉൽപന്നത്തിെൻറ ഗുണനിലവാരത്തിന് തെളിവെന്നോണം ഡോക്ടർമാരിൽ ഒരാൾ സ്വന്തം സഹോദരനിൽ നിന്ന് കുത്തിവെപ്പ് സ്വീകരിക്കുന്ന ദൃശ്യങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

ഔദ്യോഗിക അക്രഡിറ്റേഷനുകൾക്കോ ശാസ്ത്രീയ തെളിവുകൾക്കോ പകരമായി, മെഡിക്കൽ രംഗത്തുള്ള തങ്ങളുടെ പദവിയും കുടുംബബന്ധവും ഉപയോഗിച്ച് സമൂഹത്തിന്റെ വിശ്വാസ്യതയെ ഇവർ ചൂഷണം ചെയ്തതായി മന്ത്രാലയം വിശദീകരിച്ചു. ആരോഗ്യ ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും നിശ്ചയിക്കുന്നത് വ്യക്തിപരമായ അനുഭവങ്ങളോ വിശ്വാസങ്ങളോ അടിസ്ഥാനമാക്കിയല്ലെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ ഓർമിപ്പിച്ചു. ശാസ്ത്രീയ പഠനങ്ങൾ, കർശനമായ നിർമാണ മാനദണ്ഡങ്ങൾ, കൃത്യമായ ഉൽപന്ന വർഗീകരണം, യോഗ്യതയുള്ള ഔദ്യോഗിക അധികാരികളുടെ പ്രത്യേക അംഗീകാരം എന്നിവയിലൂടെ മാത്രമേ ഒരു ഉൽപ്പന്നത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനാകൂ.

നിലവിൽ ഈ ഉൽപന്നത്തിെൻറ പാക്കേജിങ് നിർദേശങ്ങൾ പ്രകാരം ഇത് ബാഹ്യ ഉപയോഗത്തിന് മാത്രമുള്ളതാണ്. എന്നാൽ ഇത് കുത്തിവെപ്പിലൂടെ ശരീരത്തിനുള്ളിലേക്ക് കടത്തുന്നത് ഉൽപ്പന്നത്തിെൻറ നിർദ്ദിഷ്ട ഉപയോഗ മാർഗരേഖകളുടെ ഗുരുതരമായ ലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വാണിജ്യ മാർക്കറ്റിങ്ങിനായി മെഡിക്കൽ പദവി ദുരുപയോഗം ചെയ്യുക, സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുക, ഔദ്യോഗിക നിർദേശങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ഉൽപന്നം ഉപയോഗിക്കുക, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാണിജ്യ മെഡിക്കൽ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് ഈ ഡോക്ടർമാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ശാസ്ത്രീയമായി അംഗീകരിക്കപ്പെടാത്ത ചികിത്സാ രീതികൾ പൂർണമായും നിരോധിക്കുന്നതാണ് രാജ്യത്തെ നിയമം. അശാസ്ത്രീയമായ വാണിജ്യ പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, തൊഴിൽപരമായ ഉത്തരവാദിത്തവും കൃത്യതയും പാലിക്കാനും എല്ലാ ആരോഗ്യ പ്രവർത്തകരും ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഹെൽത്ത് പ്രഫഷണൽ പ്രാക്ടീസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Saudi Ministry of Health revokes the licenses of two doctors for promoting cosmetic injections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.