ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ 4 പ്രവർത്തനം ആരംഭിച്ചു

ജിദ്ദ: ജിദ്ദ കിങ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെ നാലാം നമ്പർ ടെർമിനലി​െൻറ (ടെർമിനൽ 4) ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. ഇതോടെ കേരളത്തിലേക്കുള്ളവ ഉൾപ്പെടെയുള്ള വിവിധ വിമാന സർവിസുകൾ ഇനി മുതൽ ഇവിടെ നിന്നായിരിക്കും പ്രവർത്തിക്കുക.

ആദ്യഘട്ടത്തിൽ വിസ് എയർ, എ ജെറ്റ്, സലാം എയർ എന്നീ അന്താരാഷ്​ട്ര വിമാനക്കമ്പനികളുടെ സർവിസുകളാണ് പുതിയ ടെർമിനലിലേക്ക് മാറ്റിയത്. മറ്റ് പ്രമുഖ വിമാനക്കമ്പനികളുടെ സർവിസുകൾ വരുന്ന ദിവസങ്ങളിൽ ഘട്ടംഘട്ടമായി പുതിയ ടെർമിനലിലേക്ക് മാറ്റുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. നോർത്തേൺ ടെർമിനലിൽ നിലവിൽ സർവിസ് നടത്തുന്ന മുഴുവൻ വിദേശ വിമാനക്കമ്പനികളെയും, ആവശ്യാനുസരണം ടെർമിനൽ 1, ഹജ്ജ്-ഉംറ ടെർമിനൽ കോംപ്ലക്സ് എന്നിവിടങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത വിമാനക്കമ്പനികളെയും ടെർമിനൽ 4-ലേക്ക് മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ടെർമിനലുകൾക്കിടയിലെ വിമാന സർവിസുകൾ കൂടുതൽ കാര്യക്ഷമമായി പുനഃക്രമീകരിക്കാനും, യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും, ചെക്ക്-ഇൻ നടപടികൾ വേഗത്തിലാക്കി വിമാനത്താവളത്തി​െൻറ പ്രവർത്തനശേഷി വർധിപ്പിക്കാനും ഈ പരിഷ്കാരം ഉപകരിക്കും. ചൊവ്വാഴ്ച (സെപ്​തം. 29) മുതൽ ആകാശ എയറി​െൻറ ഹജ്ജ്-ഉംറ ടെർമിനൽ കോംപ്ലക്സിൽ നിന്നുള്ള സർവിസുകളും ടെർമിനൽ 4-ലേക്ക് മാറും.

കൂടാതെ, ഫ്ലൈ ജിന്ന, നെസ്മ എയർ എന്നീ വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളും പുതിയ ടെർമിനലിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത ആഴ്ചയിലും സർവിസുകളുടെ മാറ്റം തുടർന്നുപോകും. 97,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ 4-ന് പ്രതിവർഷം 1.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഇവിടെ ഹജ്ജ്, ഉംറ തീർഥാടകരുടെ ഗ്രൂപ്പ് ചെക്ക്-ഇൻ നടപടികൾക്കായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

2025-ൽ 5.34 കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന യാത്രാനിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്നാണ് വിമാനത്താവളത്തി​െൻറ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതി​െൻറ ഭാഗമായി ടെർമിനൽ 4 തുറന്നത്. സൗദി വിഷൻ 2030-​െൻറ ഭാഗമായി 2030 ഓടെ പ്രതിവർഷം ഒമ്പത്​ കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ജിദ്ദ വിമാനത്താവളം ലക്ഷ്യമിടുന്നത്.

Tags:    
News Summary - Jeddah airport Terminal 4 started operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.