ജിദ്ദ സൂപ്പർ ഡോമിൽ സംഘടിപ്പിച്ച സൗദി വ്യവസായ ഫോറം രണ്ടാമത് സമ്മേളനത്തിലെ നഗരിയിൽ നിന്ന്

സൗദി ഇൻഡസ്ട്രിയൽ ഫോറത്തിന് ജിദ്ദയിൽ പ്രൗഢോജ്ജ്വല സമാപനം

ജിദ്ദ: സൗദി അറേബ്യയിലെ വ്യാവസായിക മേഖലയെ ശാക്തീകരിക്കുന്നതിനായി സംഘടിപ്പിച്ച രണ്ടാമത് ‘സൗദി ഇൻഡസ്ട്രിയൽ ഫോറം 2026’ സമ്മേളനത്തിന് ജിദ്ദ സൂപ്പർ ഡോമിൽ പ്രൗഢോജ്ജ്വല സമാപനം. സെപ്റ്റംബർ 14-ന് ആരംഭിച്ച മൂന്ന് ദിവസം നീണ്ടുനിന്ന മേള വ്യാഴാഴ്ച രാത്രിയോടെയാണ് പൂർത്തിയായത്. വ്യാവസായിക മേഖലയുടെ ഭാവി, വികസന-നിക്ഷേപ സാധ്യതകൾ എന്നിവ ചർച്ച ചെയ്യുന്നതിനായി പ്രമുഖ വിദഗ്ധരെയും നയരൂപീകരണ വിദഗ്ധരെയും ഒരുമിപ്പിക്കാൻ ഫോറത്തിന് കഴിഞ്ഞു.

മക്ക മേഖല ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ ബിൻ അബ്​ദുൽ അസീസ് അൽ സഊദി​െൻറ രക്ഷാകർതൃത്വത്തിൽ, വ്യവസായ-ധാതുവിഭവ മന്ത്രാലയവുമായി സഹകരിച്ച് സൗദി ചേംബേഴ്‌സ് ഫെഡറേഷനിലെ നാഷനൽ ഇൻഡസ്ട്രിയൽ കമ്മിറ്റിയാണ് ഫോറം സംഘടിപ്പിച്ചത്. ‘സുസ്ഥിരതയ്ക്കായുള്ള നവീകരണം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി, രാജ്യത്തി​െൻറ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ‘സൗദി വിഷൻ 2030’-​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള നിർണായക ചുവടുവെപ്പാണ്.

 

വിവിധ മേഖലകളിൽ സാങ്കേതികവിദ്യകൾ പ്രാദേശികവത്കരിക്കുന്നതിന് പ്രമുഖ കമ്പനികൾ തമ്മിൽ സമ്മേളനത്തിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ദ്രുതഗതിയിലുള്ള സാങ്കേതിക-വ്യാവസായിക മാറ്റങ്ങൾക്കിടയിൽ നഗര-ഗ്രാമീണ മേഖലകൾക്കാവശ്യമായ പദ്ധതികൾ, നൂതനാശയങ്ങളെയും സംരംഭകത്വത്തെയും പിന്തുണയ്ക്കുന്ന പ്രോജക്ടുകൾ എന്നിവ ഫോറത്തിൽ അവതരിപ്പിച്ചു.

മാനവ വിഭവശേഷിയിൽ നിക്ഷേപം നടത്തുക, ദേശീയ തലത്തിൽ നൈപുണ്യ വികസനം സാധ്യമാക്കുക, ആധുനിക സാങ്കേതിക പരിഹാരങ്ങൾ സ്വീകരിക്കുക എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷകർ ഊന്നിപ്പറഞ്ഞു.

 

വിവിധ സർക്കാർ സ്ഥാപനങ്ങൾ, ദേശീയ കമ്പനികൾ, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുറമെ ആഗോളതലത്തിലെ പ്രമുഖ നേതാക്കളും വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുത്തു. പ്രാദേശിക ഉൽപ്പാദനവും വിപണനവും ശക്തിപ്പെടുത്തുക, ദേശീയ സംരംഭങ്ങൾ വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിരവധി ശില്പശാലകളും സംഘടിപ്പിച്ചു. കാർ നിർമാണം, ഭക്ഷ്യ-മരുന്ന് വ്യവസായങ്ങൾ, ലോജിസ്​റ്റിക്സ്, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠന പരിശീലന പരിപാടികളും ഇതി​െൻറ ഭാഗമായി നടന്നു.

വിവിധ മേഖലകളിലെ 200-ഓളം പവിലിയനുകളാണ് ജിദ്ദ സൂപ്പർ ഡോമിൽ ഒരുക്കിയിരുന്നത്. മലയാളി മാനേജ്‌മെൻറിലുള്ള യാംബുവിലെ അറാട്കോ അറേബ്യൻ കോൺട്രാക്റ്റിങ് കമ്പനിക്ക് കീഴിലുള്ള ‘മിസ്​റ്റർ മെഡോ ഡോണറ്റ്സ്’ സ്ഥാപനത്തി​െൻറ പവലിയനും പ്രദർശന നഗരിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.

Tags:    
News Summary - Saudi Industrial Forum concludes grandly in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.