മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുന്ന നടപടി അപലപനീയം: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം
ജിദ്ദ: റിപ്പോർട്ടർ ടി.വിയുടെ വാർത്താമുറിയിൽ പൊലീസ് നടത്തിയ പരിശോധനയുടെ പേരിൽ മാധ്യമപ്രവർത്തകരുടെ ഔദ്യോഗികവും സ്വകാര്യവുമായ ഫോണുകൾ പിടിച്ചുവെച്ചതായുള്ള റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസ്താവിച്ചു.
നിയമാനുസൃതമായ അന്വേഷണങ്ങൾ നടത്താനുള്ള അധികാരം അന്വേഷണ ഏജൻസികൾക്കുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ അന്വേഷണത്തിെൻറ പേരിൽ വാർത്താമുറിയിൽ പ്രവേശിച്ച് പ്രവർത്തനം തടസ്സപ്പെടുത്തുന്നതും വാർത്താ സംപ്രേക്ഷണത്തെ ബാധിക്കുന്ന നടപടികൾ സ്വീകരിക്കുന്നതും മാധ്യമപ്രവർത്തകരിൽ ഭീതിയുണ്ടാക്കുന്നതും അംഗീകരിക്കാനാവാത്തതുമാണ്.
മാധ്യമ സ്ഥാപനത്തിനെതിരെയുള്ള കേസുമായി നേരിട്ട് ബന്ധമില്ലാത്ത മാധ്യമപ്രവർത്തകരുടെ ആശയവിനിമയ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതായുള്ള ആരോപണം ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തിെൻറ അടിസ്ഥാനസ്തംഭങ്ങളിലൊന്നായ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തിനും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമെതിരായ കടന്നുകയറ്റമാണ്. അന്വേഷണ നടപടികൾ സുതാര്യവും നിയമാനുസൃതവും മാധ്യമസ്വാതന്ത്ര്യത്തെ മാനിക്കുന്നതുമായിരിക്കണമെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായും നിർഭയമായും ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യ സർക്കാരിെൻറ ഉത്തരവാദിത്വമാണ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി കേരളത്തിലെ മാധ്യമപ്രവർത്തകരും സംഘടനകളും നടത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.